സസ്‌ക്കാച്ചെവനില്‍ സെമിട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മലയാളിയായ ട്രക്ക് ഡ്രൈവര്‍ മരിച്ചു 

By: 600002 On: Aug 7, 2024, 8:58 AM

 

 

സസ്‌ക്കാച്ചെവനില്‍ സെമിട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മലയാളിയായ ട്രക്ക് ഡ്രൈവറിന് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 7.40ന് സസ്‌ക്കാച്ചെവനിലെ വോള്‍സെലിക്ക് സമീപം ഹൈവേ 1 ലാണ് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതെന്ന് ഇന്ത്യന്‍ ഹെഡ് ആര്‍സിഎംപി പറഞ്ഞു. കാല്‍ഗറിയില്‍ താമസിക്കുന്ന എറണാകുളം കാക്കനാട് സ്വദേശിയായ ലിജോ ഫ്രാന്‍സിസ്(34) ആണ് മരിച്ചത്. ഹൈവേയ്ക്ക് അരികിലായി പാര്‍ക്ക് ചെയ്തിരുന്ന ട്രക്കുകളിലേക്ക് രണ്ടാമത്തെ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ആരുമുണ്ടായിരുന്നില്ല. ഇതിനിടയില്‍ ഇടിച്ച ട്രക്കില്‍ രണ്ട് പേരുണ്ടായിരുന്നു. ഇതിലുണ്ടായിരുന്ന ലിജോ ഫ്രാന്‍സിസ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്നയാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അപകടത്തെതുടര്‍ന്ന് അടച്ചിട്ടിരുന്ന ഹൈവേ 1 പിന്നീട് തുറന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ദൃക്‌സാക്ഷികളോ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ പോലീസിനെ വിവരമറിയിക്കണമെന്ന് ആര്‍സിഎംപി അറിയിച്ചു.