വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടിം വാള്‍സിനെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത് കമല ഹാരിസ്. നിലവില്‍ മിനസോട്ട ഗവര്‍ണറാണ് അദ്ദേഹം. ഇതോടെ നവംബർ 5 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥികളായ കമലയും വാൾസും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപിനെയും ജെ.ഡി വാൻസിനെയും നേരിടും. വാഷിങ്ടണിലെ തന്റെ വസതിയിൽ മത്സരാർഥികളുമായി വാരാന്ത്യ അഭിമുഖങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ടിം വാൾസിന് നറുക്ക് വീണത്.
മിനസോട്ടയുടെ ഗവര്‍ണാറായി രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ട വാള്‍സ് ഡെമോക്രാറ്റിക് ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമാണ്. ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ മാറി നില്‍ക്കണമെന്ന മുറവിളി ഉയര്‍ന്നപ്പോള്‍ നിലവിലെ പ്രസിഡന്റ് ബൈഡനൊപ്പം ഉറച്ചുനിന്നതില്‍ പ്രധാനിയാണ് വാള്‍സ്. ബൈഡന്‍ കമലയെ നിര്‍ദേശിച്ചതിന് പിന്നാലെ പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.