സെര്‍ച്ച് എഞ്ചിന്‍ കുത്തക നിലനിര്‍ത്താന്‍ കോടികളൊഴുക്കി; ഗൂഗിളിനെതിരെ യുഎസ് കോടതി, വന്‍ പിഴയ്ക്ക് സാധ്യത

By: 600007 On: Aug 6, 2024, 1:22 PM

വാഷിംഗ്‌ടണ്‍: സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് കുത്തക നിലനിര്‍ത്താന്‍ നിയമവിരുദ്ധമായി ഗൂഗിള്‍ ശ്രമിച്ചതായി അമേരിക്കന്‍ ജില്ലാ കോടതി. സ്മാർട്ട്ഫോണുകളിലും ബ്രൗസറുകളിലും ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഗൂഗിള്‍ ലഭ്യമാക്കാന്‍ വിവിധ സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഗൂഗിള്‍ കോടികള്‍ അനധികൃതമായി നല്‍കിയെന്ന പ്രോസിക്യൂഷന്‍ വാദം ശരിവെച്ചാണ് വിധി. ഗൂഗിളിനെയും മാതൃ കമ്പനിയായ ആല്‍ഫബറ്റിനെയും കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് ഈ കണ്ടെത്തല്‍.

ബ്രൗസര്‍ സെര്‍ച്ചുകളുടെ 90 ശതമാനവും സ്‌മാര്‍ട്ട്‌ഫോണ്‍ സെര്‍ച്ചിന്‍റെ 95 ശതമാനവും ഗൂഗിള്‍ ഇങ്ങനെ നിയമവിരുദ്ധമായി കയ്യാളുന്നതായി ജില്ലാ ജഡ്‌ജി അമിത് മെഹ്‌തയുടെ വിധിയില്‍ പറയുന്നു. 'ഗൂഗിള്‍ ഒരു കുത്തകയാണ് എന്ന നിഗമനത്തില്‍ കോടതി എത്തിയിരിക്കുന്നു. ആ കുത്തക നിലനിര്‍ത്താന്‍ ഗൂഗിള്‍ പ്രവര്‍ത്തിച്ചു'- എന്നും അമിത് മെഹ്‌ത വിധിപ്രസ്‌താവത്തില്‍ പറ‌ഞ്ഞതായാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. കേസില്‍ രണ്ടാംഘട്ട വാദം നടക്കും. ഇതിലാണ് ഗൂഗിളിനെതിരെ കോടതി നിയമനടപടി പ്രഖ്യാപിക്കുക. കോടതി വിധിയെ യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലാന്‍ഡ് വാഴ്ത്തി. ഒരു കമ്പനിയും നിയമത്തിന് മുകളിലല്ല എന്നാണ് എന്നാണ് അദേഹത്തിന്‍റെ വാക്കുകള്‍. 

അതേസമയം കേസില്‍ അപ്പീല്‍ നല്‍കാനാണ് ഗൂഗിളിന്‍റെ തീരുമാനം. 'ഗൂഗിളാണ് ഏറ്റവും മികച്ച സെര്‍ച്ച് എഞ്ചിന്‍ എന്ന് ഈ വിധി അംഗീകരിക്കുകയാണ്. എന്നാല്‍ അത്രയെളുപ്പം ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ലഭ്യമാകാന്‍ അനുവദിക്കില്ല എന്നാണ് കോടതി പറയുന്നത്'- എന്നുമാണ് പ്രസ്‌താവനയിലൂടെ ഗൂഗിളിന്‍റെ പ്രതികരണം. കോടതി വിധിക്ക് പിന്നാലെ ആല്‍ഫബെറ്റിന്‍റെ ഓഹരി മൂല്യം 4.5 ശതമാനം ഇടിഞ്ഞു. അമേരിക്കയിലെ സാമ്പത്തിക രംഗം കനത്ത വീഴ്‌ച നേരിടുന്നതിന് പുറമെയാണ് കോടതിയുടെ നീക്കം ആല്‍ഫബറ്റിന് ഇരട്ട പ്രഹരം നല്‍കുന്നത്.