ആദ്യ ശ്രമത്തില്‍ തന്നെ നീരജ് ചോപ്ര ഫൈനലില്‍, കൂടെ അര്‍ഷദും

By: 600007 On: Aug 6, 2024, 1:07 PM

പാരീസ്: ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ ആദ്യ ഏറില്‍ തന്നെ യോഗ്യതാ മാര്‍ക്ക് മറികടന്ന് ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര. 84 മീറ്ററാണ് ഫൈനലിലെത്താന്‍ വേണ്ടിയിരുന്ന യോഗ്യതാ മാര്‍ക്ക്. ആദ്യ ശ്രമത്തില്‍ തന്നെ നീരജ് 89.34 ദൂരം പിന്നിട്ടു. നീരജിന്റെ പ്രധാന എതിരാളികളിലൊരാളായ അര്‍ഷദ് നദീമും ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യത നേടി. 86.59 മീറ്റര്‍ എറിഞ്ഞാണ് പാക് താരം യോഗ്യ നേടിയത്. ഗ്രൂപ്പ് ബിയിലാണ് ഇരുവരും മത്സരിച്ചത്. നേരത്തെ, ഗ്രൂപ്പ് എയില്‍ നിന്ന് നാല് പേര്‍ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയിരുന്നു. ജര്‍മനിയുടെ ജോസഫ് വെബര്‍ (87.76), കെനിയയുടെ ജൂലിയന്‍ യെഗോ (85.97), ലോക ഒന്നാം നമ്പര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെജ് (85.63), ഫിന്‍ലന്‍ഡിന്റെ ടോണി കെരാനന്‍ (85.27) എന്നിവരാണ് യോഗ്യത ഉറപ്പാക്കിയ താരങ്ങള്‍.