ഡോണ്‍മില്‍സ് ഏരിയയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച പ്രതിക്കായി ടൊറന്റോ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി 

By: 600002 On: Aug 6, 2024, 1:05 PM

 

ഡോണ്‍മില്‍സ് ഏരിയയില്‍ നടന്ന ഒന്നിലധികം അക്രമങ്ങളില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്നയാള്‍ക്ക് വേണ്ടി ടൊറന്റോ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ടൊറന്റോ സ്വദേശിയായ ഇയാന്‍ കിര്‍ക്ക് എന്ന 64 കാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡോണ്‍ മില്‍സ് റോഡിനും എഗ്ലിംഗ്ടണ്‍ അവന്യു ഈസ്റ്റിനും സമീപമുള്ള വീട്ടിലാണ് അക്രമം ഉണ്ടായത്. വീട്ടിലുണ്ടായിരുന്ന യുവതിയെയാണ് ഇയാള്‍ ആക്രമിച്ചത്. 

മെയ് മാസത്തിനും ഓഗസ്റ്റ് 1 നും ഇടയില്‍ നിരവധി തവണ ഇയാള്‍ വീട്ടിലെത്തിയിരുന്നുവെന്നും യുവതിയെ പലതവണ അക്രമിക്കുകയുമായിരുന്നുവെന്നും ജീവന്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വധഭീഷണി, വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങി ആറോളം കേസുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയുടെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.