വാഷിങ്ടൺ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ സുനിത വില്യംസ് കുടുങ്ങിയിട്ട് 61 ദിവസങ്ങൾ പിന്നിട്ടു. എക്സ്പെഡീഷൻ 71 ക്രൂ അംഗങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് തുടരുമെന്ന് നാസ വിശദമാക്കുമ്പോഴും സ്റ്റാർലൈനറിന്റെ തകരാറുകൾ ഇനിയും പരിഹരിക്കാനായിട്ടില്ല. ജൂൺ 6നാണ് സുനിത വില്ല്യസും ബുച്ച് വിൽമോറും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. കുറഞ്ഞ ദിവസങ്ങൾ മാത്രമുള്ള ദൌത്യത്തിന് ശേഷം തിരികെ ഭൂമിയിലേക്ക് എത്തുമെന്ന് വിശദമാക്കിയാണ് ബഹിരാകാശ നിലയത്തിലേക്കെത്തിയതെങ്കിലും ഇരുവരുടേയും മടക്കയാത്ര നീളുകയാണ്
അന്താരാഷ്ട്ര നിലയത്തിലുള്ള സുനിത വില്യംസ് അടക്കമുള്ളവർക്ക് വിശദമായ കാഴ്ചാ പരിശോധനകൾ നടത്തിയതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോർണിയ, ലെൻസ്, ഒപ്ടിക് നെർവ് എന്നിവയുടെ വിശദമായ ചിത്രങ്ങളെടുത്താണ് പരിശോധന നടത്തിയതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് വിശദമാക്കുന്നത്. ഭൂമിയിൽ നിന്നുള്ള നേത്രവിദഗ്ധർ പരിശോധന സൂക്ഷ്മമായി നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിച്ചതായാണ് റിപ്പോർട്ട്. ദീർഘകാലം ബഹിരാകാശത്ത് കഴിയേണ്ടി വരുന്നതിന് പിന്നാലെയുണ്ടാവുന്ന കാഴ്ച സംബന്ധിയായ പ്രശ്നങ്ങളെ ഭാവിയിൽ കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.