ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജരുള്ള രാജ്യമായി അമേരിക്ക

By: 600002 On: Aug 6, 2024, 11:25 AM




ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. നിലവില്‍ 1.43 ബില്യണ്‍ ആണ് ഇന്ത്യയിലെ ജനസംഖ്യ. 1.41 ബില്യണുമായി ചൈന ഇന്ത്യയ്ക്ക് പിന്നിലുണ്ട്. ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഏറ്റവും പ്രവാസ നിരക്കുള്ള രാജ്യവും ഇന്ത്യയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 1990 നും 2020 നും  ഇടയില്‍ ഇന്ത്യയില്‍ നിന്നുള്ള മൊത്തം കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം 78.26 മില്യണ്‍ ആയിരുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2024 മെയ് വരെ ലോകത്തിലെ മൊത്തം വിദേശഇന്ത്യക്കാരുടെ എണ്ണം ഏകദേശം 35.42 മില്യണ്‍ ആണ്. ഇതില്‍ മൊത്തം 15.85 മില്യണ്‍ പ്രവാസി ഇന്ത്യക്കാരും 19.57 മില്യണ്‍ ആളുകള്‍ ഇന്ത്യന്‍ വംശജരുമാണ്. 

വിദേശ ഇന്ത്യക്കാര്‍ ഡിജിപിയില്‍ ഏകദേശം 3.5 ശതമാനം റെമിറ്റന്‍സ് വഴി സംഭവാന ചെയ്യുന്നു. ഓരോ വര്‍ഷവും വിദേശ ഇന്ത്യക്കാര്‍ വലിയൊരു തുക മൂലധനം ഇന്ത്യയിലെ അവരുടെ കുടുംബങ്ങള്‍ക്ക് തിരികെ അയയ്ക്കുന്നു. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പണമൊഴുകുന്നത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നിന്നുമാണ്. മൊത്തം റെമിറ്റന്‍സിന്റെ 18 ശതമാനം യുഎഇയില്‍ നിന്നാണ്. യുഎഇയ്ക്ക് പിന്നാലെ യുഎസാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ജോലി ചെയ്യാനും ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കാനുമുള്ള മികച്ച രാജ്യങ്ങളിലൊന്നാണ് യുഎഇ. കൂടാതെ ആദായ നികുതി ഇല്ലാത്ത രാജ്യങ്ങളില്‍ ഒന്നാണിത്.

'അവസരങ്ങളുടെ നാടാണ്' അമേരിക്ക. ഏറ്റവും കൂടുതല്‍ വിദേശ ജനസംഖ്യയുള്ള രാജ്യവും അമേരിക്കയാണ്. യുഎസ് സെന്‍സസ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2022 ല്‍ യുഎസില്‍ ജനിച്ച വിദേശ പൗരന്മാരുടെ ജനസംഖ്യ റെക്കോര്‍ഡ് നിരക്കിലെത്തിയിരുന്നു. 46.1 മില്യണ്‍ എന്നതാണ് കണക്ക്. ഇത് മൊത്തം യുഎസ് ജനസംഖ്യയുടെ 13.9 ശതമാനമായിരുന്നു. 2024 മെയ് വരെ യുഎസില്‍ 5.4 മില്യണ്‍ മില്യണിലധികം വിദേശ ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. യുഎസിലെ ഏറ്റവും വലിയ 'ഏഷ്യന്‍-എലോണ്‍' ഗ്രൂപ്പാണ് ഇന്ത്യക്കാര്‍. രാജ്യത്ത് വിവിധ തട്ടുകളിലായി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു. യുഎസിലെ പ്രശസ്തരായ രണ്ട് വിദേശ ഇന്ത്യക്കാരാണ് ആല്‍ഫബെറ്റ് ഇന്‍ക് സിഇഒ സുന്ദര്‍ പിച്ചൈ, സത്യ നദേല്ല തുടങ്ങിയവര്‍. 

ഇന്ത്യന്‍-അമേരിക്കക്കാര്‍ യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. ഇന്ത്യന്‍ സിഇഒമാരുടെ നേതൃത്വത്തില്‍ ഏകദേശം 24 ഫോര്‍ച്യൂണ്‍ 500 കമ്പനികളുണ്ട്. മൊത്തത്തില്‍ 2.7 മില്യണ്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് ജോലി നല്‍കുകയും ഏകദേശം 1 ട്രില്യണ്‍ ഡോളര്‍ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.