അജ്ഞാത മൃഗത്തിന്റെ കൊമ്പുകള്‍ കൈവശം വെച്ച 32 കാരിയായ കനേഡിയന്‍ വിനോദസഞ്ചാരി ഡെല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായി. ലഗേജില്‍ സൂക്ഷിച്ച നിലയിലായിരുന്നു കൊമ്പുകളെന്നും ഏത് മൃഗത്തിന്റേതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും എയര്‍പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ വ്യക്തമാക്കി. ലഡാക്കില്‍ ട്രക്കിംഗിനിടെ നാടന്‍ കാള ഇനത്തില്‍പ്പെട്ടത് എന്ന് കരുതുന്ന മൃഗത്തിന്റെ കൊമ്പുകള്‍ കണ്ടെത്തുകയായിരുന്നുവെന്നും കാനഡയിലേക്ക് കൊണ്ടുപോകുന്നതിനായി ലഗേജില്‍ സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ മൊഴി. വെള്ളിയാഴ്ച ഇന്ത്യയില്‍ നിന്നും മോണ്‍ട്രിയലിലേക്ക് മടങ്ങും വഴി എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് കൊമ്പുകള്‍ ബാഗില്‍ കണ്ടെത്തിയത്.
നാടന്‍ കാളയുടേതാണ് കൊമ്പുകളെന്ന് കരുതുന്നുണ്ടെങ്കിലും സ്ഥിരീകരണത്തിനായി ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുമെന്ന് ഡെല്‍ഹി ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്നാല്‍ പരിശോധന പൂര്‍ത്തിയാകുന്നത് വരെ കാനഡയിലേക്ക് നിലവില്‍ മടങ്ങിപ്പോകാന്‍ സാധിക്കില്ലെന്നും പോലീസ് പറഞ്ഞു.
വന്യജീവികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും വസ്തുക്കള്‍ കൈവശം വെക്കുന്നതിന് പ്രത്യേക രേഖകള്‍ ആവശ്യമാണ്. കസ്റ്റംസിനെ വിവരമറിയിക്കുകയും ഡെല്‍ഹി വനംവകുപ്പ് കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിളിപ്പിക്കുകയും ചെയ്തതായി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവതിയുടെ പക്കല്‍ ഒരു രേഖകളും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.