ഒന്റാരിയോയിലുടനീളമുള്ള ചെറിയ കമ്മ്യൂണിറ്റികള്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും റിക്രൂട്ട് ചെയ്യുന്നതിന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ പ്രവിശ്യാ സര്‍ക്കാര്‍ പദ്ധതി തയാറാക്കുകയാണ്. ഹണ്ട്‌സ്‌വില്ലയിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ജോലി ചെയ്യാന്‍ സമ്മതിക്കുന്ന ഫാമിലി ഫിസിഷ്യന് 80,000 ഡോളര്‍ സൈനിംഗ് ബോണസായി നല്‍കുമെന്ന് ലോക്കല്‍ അതോറിറ്റികള്‍ അറിയിച്ചു. മറ്റ് കമ്മ്യൂണിറ്റികളിലും സമാനമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
നോര്‍ത്ത്ഈസ്‌റ്റേണ്‍ ഒന്റാരിയോയിലെ മുനിസിപ്പാലിറ്റിയായ കിര്‍ക്ക്‌ലാന്‍ഡ് ലേക്കില്‍ ബ്ലാഞ്ചെ റിവര്‍ ഹെല്‍ത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഡോക്ടറിനെയോ നഴ്‌സിനെയോ അന്താരാഷ്ട്ര തലത്തിലുള്ളവരാണെങ്കിലും റഫര്‍ ചെയ്യുന്നവര്‍ക്ക് 2,000 ഡോളറാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റ് നിരവധി കമ്മ്യൂണിറ്റികളിലും ഈ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നുണ്ട്. ഒന്റാരിയോ കമ്മ്യൂണിറ്റികള്‍ അഭിമുഖീകരിക്കുന്ന രൂക്ഷമായ ഡോക്ടര്‍ ക്ഷാമം കണക്കിലെടുക്കുമ്പോള്‍ ഈ സംരംഭങ്ങള്‍ നല്ലതാണെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കായി കൂടുതല്‍ പണം വാഗ്ദാനം ചെയ്തുള്ള ഈ രീതി ചിലപ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുനിസിപ്പാലിറ്റികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കാമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ബോബ് സ്‌റ്റോണ്‍ എന്ന ലോക്കല്‍ കൗണ്‍സിലറാണ് ഹണ്ട്‌സ്‌വില്ലെയുടെ പുതിയ ബോണസ് സംരംഭത്തിന് നേതൃത്വം നല്‍കിയത്. മെയ് മാസത്തില്‍ കൗണ്‍സില്‍ അംഗീകരിച്ച പദ്ധതി 10 ഫിസിഷ്യന്മാരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ ഏഴ് ഡോക്ടര്‍മാര്‍ ജോലി ചെയ്യാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവരില്‍ പലരും കരാറില്‍ ഒപ്പിടാന്‍ തയാറായി നില്‍ക്കുകയാണെന്നും സ്റ്റോണ്‍ വ്യക്തമാക്കി.