ക്രോണോബാക്ടര്‍ ബാക്ടീരിയ സാന്നിധ്യം; ഗെര്‍ബര്‍ ബേബി സിറീല്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ 

By: 600002 On: Aug 6, 2024, 8:53 AM

 

 

ക്രോണോബാക്ടര്‍ ബാക്ടീരിയ അടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഗെര്‍ബര്‍ ബ്രാന്‍ഡ് ബേബി സിറീല്‍ ഹെല്‍ത്ത് കാനഡ തിരിച്ചുവിളിച്ചു. ഓട്ട് ബനാന ആന്‍ഡ് മാംഗോ ബേബി സീറീലാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ആല്‍ബെര്‍ട്ട, ബീസി, ഒന്റാരിയോ, ക്യുബെക്ക്, സസ്‌ക്കാച്ചെവന്‍ തുടങ്ങിയവയുള്‍പ്പെടെ നിരവധി പ്രവിശ്യകളില്‍ വിറ്റഴിച്ച ഈ ഉല്‍പ്പന്നം കഴിക്കുകയോ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി. 

നിലവില്‍ തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് അസുഖങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ക്രോണോബാക്റ്റര്‍ ബാക്ടീരിയ കലര്‍ന്ന ഭക്ഷണം കേടായതായി അറിയാന്‍ സാധിക്കില്ലെന്നും അവയില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടാകാറില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇവ ഉപയോഗിക്കുന്നതിലൂടെ അണുബാധയ്ക്ക് കാരണമാകും. ക്രോണോബാക്റ്റര്‍ ബാക്ടീരിയ ശിശുക്കളില്‍ ഗുരുതരമായ, മാരകമായ രോഗങ്ങള്‍ക്ക് കാരണമാകും. ഒരു വയസ്സിന് താഴെയുള്ള ശിശുക്കളില്‍ കടുത്ത പനി, അപസ്മാരം എന്നിവയ്ക്ക് കാരണമാകും.