ടൊറന്റോയില്‍ ഇലക്ട്രോണിക് ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ വാടക വീട് പൂര്‍ണമായും കത്തിനശിച്ചു. വീട്ടില്‍ താമസിച്ചിരുന്ന വിന്നിപെഗ് സ്വദേശിനിയായ കാതറിന്‍ ബെയര്‍ഡി എന്ന സ്ത്രീയും അവരുടെ മക്കളും എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. രണ്ട് വര്‍ഷമായി താന്‍ താമസിച്ചിരുന്ന ടൊറന്റോ സ്ട്രീറ്റിലെ ഇരുനില വീട്ടില്‍ നിന്നും കാതറിനും അഞ്ച് കുട്ടികളും രണ്ട് സഹോദരന്മാരും വ്യാഴാഴ്ച പലായനം ചെയ്തു. ആര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ സ്‌നോഫ്‌ളൈക്ക്, സ്‌നോബോള്‍ എന്നീ രണ്ട് വളര്‍ത്തുനായ്ക്കള്‍ തീപിടുത്തത്തില്‍ ചത്തതായി കാതറിന്‍ പറഞ്ഞു.
തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സിറ്റി അറിയിച്ചു. എന്നാല്‍ കുടുംബം യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന രണ്ട് ഇ-ബൈക്കുകളുടെ ബാറ്ററികളില്‍ ഒന്ന് പെട്ടെന്ന് തീപിടിച്ച് പൊട്ടിത്തെറിച്ചതിനാലാണ് വീടിന് തീപിടിച്ചതെന്ന് കാതറിന്‍ പറയുന്നു.
റെഡ്‌ക്രോസിന്റെ സഹായത്താല്‍ കുടുംബം നിലവില്‍ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. എന്നാല്‍ ഹോട്ടലില്‍ എത്രനാള്‍ താസമിക്കുമെന്നത് അറിയില്ലെന്നും കാതറിന്‍ പറയുന്നു.