വെസ്റ്റേണ്‍ കാനഡയിലെ നഗരങ്ങളിലാണ് ഈ വര്‍ഷം വീടുകളുടെ വിലയില്‍ വന്‍ കുതിപ്പുണ്ടായിരിക്കുന്നതെന്ന് ബ്രോക്കറേജ് കമ്പനിയായ സൂകാസയുടെ പഠനം. എഡ്മന്റണ്‍, കാല്‍ഗറി, വിന്നിപെഗ്, സസ്‌കാറ്റൂണ്‍ എന്നിവയെല്ലാം മികച്ച പത്ത് വിപണികളില്‍ സ്ഥാനം പിടിച്ചു. 26 കനേഡിയന്‍ വിപണികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് എഡ്മന്റണ്‍ നാലാം സ്ഥാനത്തെത്തി. ഈ വര്‍ഷം തുടക്കത്തില്‍ 421,000 ഡോളര്‍ ഉണ്ടായിരുന്ന എഡ്മന്റണിലെ ബെഞ്ച്മാര്‍ക്ക് വില 462,100 ഡോളറായി ഉയര്‍ന്നു. 9.8 ശതമാനം വര്‍ധനവാണ് ഉണ്ടായത്. നോര്‍ത്ത് ബേ, സോള്‍ട്ട് സ്‌റ്റെ. മേരി, സഡ്ബറി എന്നീ ഒന്റാരിയോ നഗരങ്ങളെ എഡ്മന്റണ്‍ പിന്നിലാക്കി.
അഞ്ചാം സ്ഥാനത്തുള്ള വിന്നിപെഗില്‍ ബെഞ്ച്മാര്‍ക്ക് വില ഒമ്പത് ശതമാനം ഉയര്‍ന്ന് 383,000 ഡോളറിലെത്തി. 8.4 ശതമാനം വളര്‍ധനവോടെ ആറാം സ്ഥാനത്ത് സസ്‌ക്കാറ്റൂണ്‍ ആണ്. ഏഴാം സ്ഥാനത്തുള്ള കാല്‍ഗറിയില്‍ സിംഗിള്‍-ഫാമിലി ഡിറ്റാച്ച്ഡ് വീടുകളുടെ വില 8.3 ശതമാനം വര്‍ധിച്ച് 690,900 ഡോളറായി ഉയര്‍ന്നു.
ദേശീയതലത്തില്‍, ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 3.8 ശതമാനം വര്‍ധിച്ച് 808,700 ഡോളറിലെത്തി. പഠനത്തില്‍ ഉള്‍പ്പെടുത്തിയ 26 നഗരങ്ങളിലും ആറ് മാസത്തിനിടെ സിംഗിള്‍-ഫാമിലി ഡിറ്റാച്ച്ഡ് വീടുകളുടെ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി കണ്ടെത്തി. ബെഞ്ച്മാര്‍ക്ക് വിലയില്‍ ആറ് ശതമാനം വര്‍ധനയോടെ ഗ്രേറ്റര്‍ വാന്‍കുവര്‍ 14 ആം സ്ഥാനത്താണ്. നഗരത്തില്‍ 2,057,600 ഡോളറാണ് ബെഞ്ച്മാര്‍ക്ക് വില. കനേഡിയന്‍ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.