സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വാര്‍ത്താ ഉള്ളടക്കങ്ങളുമായുള്ള കനേഡിയന്‍ പൗരന്മാരുടെ എന്‍ഗേജ്‌മെന്റ് 43 ശതമാനം കുറഞ്ഞതായി മീഡിയ ഇക്കോസിസ്റ്റം ഒബ്‌സര്‍വേറ്ററി പഠനത്തില്‍ കണ്ടെത്തി. പ്രാദേശിക വാര്‍ത്താ ഉള്ളടക്കങ്ങള്‍ മെറ്റ പ്ലാറ്റ്‌ഫോമുകളില്‍ നിരോധിച്ചതിന് പിന്നാലെയാണ് ആളുകളുടെ വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള സാമൂഹ്യമാധ്യമങ്ങളിലെ താല്‍പ്പര്യകുറവ് രേഖപ്പെടുത്തിയത്. 2023 ജൂണില്‍ കനേഡിയന്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ വാര്‍ത്താ നിയമം പാസാക്കിയതിന് ശേഷം കനേഡിയന്‍ വാര്‍ത്താ ഉള്ളടക്കം മെറ്റ നിരോധിക്കുകയായിരുന്നു. ഇത് ടെക് കമ്പനികളെ അവരുടെ ഉള്ളടക്കത്തിന്റെ ഉപയോഗത്തിനായി വാര്‍ത്താ പ്രസാധകരുമായി കരാറില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാക്കി. ഇതോടെ കനേഡിയന്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നതിന് പ്രാദേശിക മാധ്യമങ്ങളെ മെറ്റ നിരോധിച്ചു.
ഇത് ഫെയ്‌സ്ബുക്കിനെ ആശ്രയിക്കുന്ന പ്രാദേശിക വാര്‍ത്താ ഔട്ട്‌ലെറ്റുകള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കി. ഇവയില്‍ 30 ശതമാനവും നിലവില്‍ സോഷ്യല്‍ മീഡിയയില്‍ നിഷ്‌ക്രിയമാണെന്ന് പഠനത്തില്‍ കണ്ടെത്തി. നിരോധനം നിലവിലുണ്ടെന്ന് 22 ശതമാനം കനേഡിയന്‍മാര്‍ക്ക് മാത്രമാണ് അറിയാവുന്നതാണ്. പഠനമനുസരിച്ച് കനേഡിയന്‍ പൗരന്മാര്‍ ഓണ്‍ലൈനില്‍ കുറച്ച് വാര്‍ത്തകള്‍ മാത്രമാണ് കാണുന്നത്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി 11 മില്യണിലധികം പ്രേക്ഷകരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മക്ഗില്‍ യൂണിവേഴ്‌സിറ്റിയുടെയും ടൊറന്റോ യൂണിവേഴ്‌സിറ്റിയുടെയും നേതൃത്വത്തിലുള്ള ഗവേഷണ സംരംഭമാണ് മീഡിയ ഇക്കോസിസ്റ്റം ഒബ്‌സര്‍വേറ്ററി. ഫെഡറല്‍ സര്‍ക്കാരില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെങ്കിലും ഗവേഷകര്‍ സര്‍ക്കാരിന് കീഴിലല്ല, സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നവരാണ്.