കാനഡയിലുടനീളം അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ 2015 മുതല്‍ വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. എന്നാല്‍ ഈ ഡാറ്റ ഒരു ഭാഗം മാത്രമേ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂവെന്ന് നാഷണല്‍ പോലീസ് ഫെഡറേഷന്‍ പറയുന്നു. അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ തീവ്രത സൂചിക കഴിഞ്ഞ വര്‍ഷം ഫലത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നുവെന്നും ഇത് കൊലപാതകം തുടങ്ങിയ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ കുറവ് ഉണ്ടായതിനാലാണെന്നും ഏജന്‍സി പറയുന്നു. എങ്കിലും ആക്രമണം, കവര്‍ച്ച, കൊള്ളയടിക്കല്‍ തുടങ്ങിയ അക്രമാസക്തമായ കുറ്റകൃത്യങ്ങളില്‍ ഏഴ് ശതമാനം വര്‍ധനയുണ്ടായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, 20,000 ത്തോളം ആര്‍സിഎംപി അംഗങ്ങളെ പ്രതിനിധീകരിക്കുന്ന നാഷണല്‍ പോലീസ് ഫെഡറേഷന്‍(NPF) പറയുന്നത് ഡാറ്റ രാജ്യത്തുടനീളമുള്ള യഥാര്‍ത്ഥ ചിത്രം പൂര്‍ണമായി വ്യക്തമാക്കുന്നില്ലെന്നാണ്. നഗരത്തിലെ ചെറിയ ടൗണില്‍ പോലും നടക്കുന്ന ചെറിയ കുറ്റകൃത്യങ്ങള്‍ പോലും വലുതായി ചിത്രീകരിച്ചാണ് ഡാറ്റ തയാറാക്കിയിരിക്കുന്നതെന്ന് എന്‍പിഎഫ് വ്യക്തമാക്കി. കുറ്റകൃത്യങ്ങളില്‍ രാജ്യത്തുടനീളം നേരിയ കുറവുണ്ടായതായി എന്‍പിഎഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ മൊത്തത്തിലുള്ള കുറ്റകൃത്യങ്ങളുടെ തീവ്രത സൂചിക 2023 ല്‍ രണ്ട് ശതമാനം ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ കാണിക്കുന്നു. ഇത് തുടര്‍ച്ചയായ മൂന്നാം വാര്‍ഷിക വര്‍ധനവാണെന്ന് രേഖപ്പെടുത്തുന്നു. അക്രമരഹിത കുറ്റകൃത്യങ്ങളുടെ തീവ്രത സൂചിക കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം ഉയര്‍ന്നുവെന്നും ഏജന്‍സി വ്യക്തമാക്കുന്നു.