ടൊറന്റോയില്‍ പാര്‍ക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കി. ഇതോടെ പാര്‍ക്കിംഗ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ തുകയും വര്‍ധിപ്പിച്ചു. ഓഗസ്റ്റ് 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. റോഡ് സുരക്ഷ, തിരക്ക് കുറയ്ക്കല്‍ തുടങ്ങിയ ലക്ഷ്യത്തോടെ നടപ്പാക്കുന്ന 123 പാര്‍ക്കിംഗ് നിയമലംഘന കുറ്റകൃത്യങ്ങളില്‍ ചില കേസുകളിലെ പിഴയില്‍ 230 ശതമാനത്തിലധികം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഏപ്രിലില്‍ സിറ്റി കൗണ്‍സില്‍ അംഗീകരിച്ചതാണ് പുതിയ നിയമങ്ങള്‍.
പുതിയ നിയമം അനുസരിച്ച്, ഒരു മീറ്ററില്‍ പണമടയ്ക്കാതെ പാര്‍ക്ക് ചെയ്യുന്നതിന് 30 ഡോളറില്‍ നിന്നും 50 ഡോളറായി പിഴ വര്‍ധിപ്പിച്ചു. നിരോധിത വാഹനങ്ങള്‍ ഫുട്പാത്തിലോ കാല്‍നട വഴികളിലോ സൈക്കിള്‍ പാതകളിലോ പാര്‍ക്ക് ചെയ്യുന്നതിനുള്ള പിഴ 60 ഡോളറില്‍ നിന്നും 200 ഡോളറായി ഉയര്‍ന്നു. മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങളെയും നിയന്ത്രിക്കും. ഇന്റര്‍സെക്ഷനില്‍ വാഹനം നിര്‍ത്തിയാല്‍ 60 മുതല്‍ 200 ഡോളര്‍ വരെ പിഴ ഈടാക്കും.
അതേസമയം, പാര്‍ക്കിംഗ് നിയമലംഘനത്തിനുള്ള പിഴയെക്കുറിച്ച് സിറ്റി ടെക്സ്റ്റ് സന്ദേശത്തിലൂടെ അറിയിക്കില്ല. ഇത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്നും ജാഗ്രത പാലിക്കണമെന്നും സിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.