കാനഡയിലുടനീളം സെല്‍ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സിംസ്വാപ്പ് തട്ടിപ്പ്: മുന്നറിയിപ്പ് നല്‍കി പോലീസ് 

By: 600002 On: Aug 2, 2024, 9:08 AM

 

 

കാനഡയിലുടനീളം സെല്‍ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സിം സ്വാപ്പ് തട്ടിപ്പ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് പത്ത് പേരെ അറസ്റ്റ് ചെയ്തതായി ടൊറന്റോ പോലീസ് സര്‍വീസ് അറിയിച്ചു. മറ്റ് രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായും പോലീസ് അറിയിച്ചു. രാജ്യത്തുടനീളം ഏകദേശം 1,500 സെല്‍ഫോണ്‍ അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടന്നത്. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ നൂറിലധികം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 'പ്രൊജക്ട് ഡിസ്‌റപ്റ്റ്' എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വഞ്ചന, വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തല്‍, കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്ത് കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനോ പണം മോഷ്ടിക്കുന്നതിനോ ഐഡന്റിറ്റി മോഷണത്തിനോ ഇരയുടെ ഫോണ്‍ നമ്പര്‍ പുതിയ സിം കാര്‍ഡിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് സിം സ്വാപ്പ് തട്ടിപ്പ്. തട്ടിപ്പുകാര്‍ പലപ്പോഴും ഇരയുടെ പേര്, ഫോണ്‍ നമ്പര്‍, മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ശേഖരിക്കുന്നത്.