നോര്‍ത്ത്‌വെസ്റ്റ് എഡ്മന്റണില്‍ ബുദ്ധമത ധ്യാനകേന്ദ്രത്തില്‍ ടെന്റ് തകര്‍ന്ന് ഒരാള്‍ മരിച്ചു. 60 ഓളം പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകുന്നേരം എഡ്മന്റണില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെ ബസ്ബിയിലുള്ള വെസ്റ്റ്‌ലോക്ക് ധ്യാനകേന്ദ്രത്തില്‍ 5.30 ഓടെയാണ് അപകടമുണ്ടായതെന്ന് ആര്‍സിഎംപി പറഞ്ഞു. വിദേശ രാജ്യത്ത് നിന്നുമെത്തിയ തീര്‍ത്ഥാടകനാണ് മരിച്ചതെന്നും ഇയാളെക്കുറിച്ചുള്ള മറ്റ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ആര്‍സിഎംപി പറഞ്ഞു.
ശക്തമായ കാറ്റ് മൂലം ടെന്റ് തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ആര്‍സിഎംപി പറഞ്ഞു. പരുക്കേറ്റ 60 പേരില്‍ 40 ഓളം പേരെ ബാര്‍ഹെഡ്, വെസ്റ്റ്‌ലോക്ക്, സെന്റ് ആല്‍ബെര്‍ട്ട്, എഡ്മന്റണ്‍ എന്നിവടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് വക്താവ് പറഞ്ഞു.
400 ഓളം തീര്‍ത്ഥാടകരാണ് 11 ദിവസത്തെ റിട്രീറ്റിനായി കേന്ദ്രത്തില്‍ ഒത്തുകൂടിയിരുന്നത്. ബുദ്ധിസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാര്‍ഷിക സമ്മേളനം സംഘടിപ്പിക്കുന്നത്. 2002 ലാണ് സമ്മേളനം സംഘടിപ്പിക്കാന്‍ ആരംഭിച്ചത്. അമേരിക്ക, ഓസ്‌ട്രേലിയ, ജര്‍മ്മനി, വിയറ്റ്‌നാം, ബെല്‍ജിയം തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആളുകളെത്താറുണ്ടെന്ന് വെസ്റ്റ്‌ലോക്ക് മെഡിറ്റേഷന്‍ സെന്റര്‍ വക്താവ് പറയുന്നു. കൊടുങ്കാറ്റ് വീശിയടിക്കുന്ന സമയത്ത് ഓറിയന്റേഷന്‍ സെഷന് മുമ്പ് ഡിന്നറിനായി ഇവന്റ് ടെന്റില്‍ ഒത്തുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്.