‘സ്ട്രീറ്റ് ഗേൾഫ്രണ്ട്സ്’ ചൈനയിലെ പുതിയ ട്രെന്‍ഡ്

By: 600007 On: Aug 2, 2024, 4:51 AM

ലോകമിന്ന് ഏറെ തിരക്കിലാണ്. പലര്‍ക്കും പരസ്പരം സംസാരിക്കാന്‍ പോലുമുള്ള സമയമില്ല. വ്യക്തികൾ  തമ്മില്‍ മാത്രമല്ല, കുടുംബങ്ങളും ഇന്ന് ഏറെ സംഘര്‍ഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. വർദ്ധിച്ചുവരുന്ന സാമൂഹിക സമ്മർദ്ദമോ തൊഴില്‍ അന്തരീക്ഷമോ ഒക്കെയാണ് ഇതിന് കരണമായി പലപ്പോഴും ചൂണ്ടിക്കാട്ടുന്നത്. ഈ സാമൂഹികാവസ്ഥയെ മറികടക്കുകയാണ് ചൈന എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആവശ്യക്കാര്‍ക്ക് സൌഹൃദവും ആശ്വാസവും നല്‍കാന്‍ ചൈനയിലെ നിരവധി യുവതികള്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ, ന്യായമായ വില നല്‍കണമെന്ന് മാത്രം.


‘സ്ട്രീറ്റ് ഗേൾഫ്രണ്ട്സ്’ എന്നാണ് ഈ പുതിയ സൌഹൃദത്തിന്‍റെ പേര്. കഴിഞ്ഞ വർഷം ഏപ്രിലിൽ സതേൺ വീക്കിലിയാണ് പുതിയ, പണം നല്‍കിയുള്ള സൌഹൃദത്തെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. യുവതികൾ തങ്ങളുടെ സൌഹൃദം വിൽക്കുന്നതിനും ആലിംഗനങ്ങളും ചുംബനങ്ങളും നല്‍കുന്നതിനും തെരുവുകളെ ആശ്രയിക്കുന്നതായി പിന്നാലെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇതോടെ ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ പുതിയ സൌഹൃദത്തെ കുറിച്ച് വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടത്.

ആലിംഗനത്തിന് ഒരു യുവാൻ (11.58 രൂപ), ചുംബനത്തിന് 10 യുവാൻ (115 രൂപ), സിനിമ കാണാൻ 15 യുവാൻ (173 രൂപ) എന്നിങ്ങനെ എഴുതിയ ഒരു ബോർഡ് സഹിതം ഒരു യുവതി ഷെൻഷെൻ മെട്രോ സ്റ്റേഷനിൽ കിയോസ്‌ക് സ്ഥാപിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. “വീട്ടുജോലികളിൽ സഹായിക്കാൻ 20 യുവാൻ (231 രൂപ), നിങ്ങളോടൊപ്പം കുടിക്കാൻ മണിക്കൂറിന് 40 യുവാൻ (463 രൂപ)” എന്നെഴുതിയ പ്ലക്കാർഡുകളുമായി രണ്ട് സ്ത്രീകൾ കൂടി കടകൾ സ്ഥാപിച്ചതായും ഒരു യാത്രയിൽ ഒപ്പം ചേര്‍ന്നാല്‍ 100 ​​യുവാൻ (ഏകദേശം 1,200 രൂപ) ലഭിക്കുമെന്നും സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.