റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ തടവുകാരെ കൈമാറാൻ തീരുമാനം

By: 600007 On: Aug 2, 2024, 4:42 AM

വാഷിംഗ്‌ടണ്‍: അഞ്ചു വർഷത്തിലേറെ നീണ്ട നയതന്ത്രനീക്കങ്ങള്‍ക്കൊടുവില്‍ റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ തടവുകാരെ കൈമാറാൻ തീരുമാനിച്ചു.
തുർക്കി തലസ്ഥാനമായ അങ്കാറയില്‍ നടന്ന ചർച്ചയിലാണ് തടവുകാരെ കൈമാറാനുള്ള ധാരണ ഉരുത്തിരിഞ്ഞത്.

തടവുകാരെ കൈമാറാനുള്ള ധാരണയില്‍ അമേരിക്കയ്ക്കും റഷ്യക്കും പുറമേ റഷ്യയുടെ സഖ്യകക്ഷിയായ ബെലാറൂസ്, അമേരിക്കയുടെ സഖ്യകക്ഷികളായ ജർമനി, പോളണ്ട്, സ്ലൊവേനിയ, നോർവെ എന്നീ രാജ്യങ്ങളും കക്ഷികളാണ്. ധാരണപ്രകാരം 24 തടവുകാരെ ഇന്നലെ കൈമാറി.

പാശ്ചാത്യരാജ്യങ്ങളില്‍ തടവിലായിരുന്ന രണ്ടു പ്രായപൂർത്തിയാകാത്തവരടക്കം എട്ടു തടവുകാരെ റഷ്യക്ക് കൈമാറിയപ്പോള്‍ റഷ്യയില്‍ തടവിലായിരുന്ന 12 പൗരന്മാരെ ജർമനിക്കും വാള്‍സ്ട്രീറ്റ് ജേർണല്‍ റിപ്പോർട്ടർ ഇവാൻ ഗെർഷകോവിച്ച്‌, മുൻ യുഎസ് മറീൻ പോള്‍ വെലാൻ എന്നിവരടക്കം നാല് തടവുകാരെ അമേരിക്കയ്ക്കും കൈമാറി.
ചാരവൃത്തി ആരോപിച്ചാണ് ഗെർഷകോവിച്ചിനെ 2023 മാർച്ചില്‍ റഷ്യ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അദ്ദേഹത്തിന് റഷ്യൻ കോടതി 16 വർഷം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു