1987 ജൂലൈ 31ന് എഡ്മന്റണില്‍ വീശിയടിച്ച ചുഴലിക്കാറ്റിന്റെ ഓര്‍മകളിലാണ് നഗരത്തിലെ നിവാസികള്‍. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെന്നേക്കുമായി പതിഞ്ഞ അനുഭവങ്ങളാണ് നിരവധി പേരുടെ മനസ്സുകളിലുള്ളത്. മണിക്കൂറില്‍ 400 കിലോമീറ്ററിലധികം വേഗത കൈവരിച്ച് ശക്തിയില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍പ്പെട്ട് ജീവന്‍ പൊലിഞ്ഞത് 27 പേര്‍ക്കാണ്. 27 മരണങ്ങളില്‍ 12 പേര്‍ ഈസ്റ്റ് എഡ്മന്റണിലും സ്ട്രാത്‌കോണ കൗണ്ടിയിലുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ളവരായിരുന്നു. മറ്റ് 15 പേര്‍ നോര്‍ത്ത് ഈസ്റ്റ് എഡ്മന്റണിലെ എവര്‍ഗ്രീന്‍ മൊബൈല്‍ ഹോം പാര്‍ക്കിലായിരുന്നു.
കൊടുങ്കാറ്റിനൊപ്പം വന്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. ഒരു ടെന്നീസ് ബോള്‍ വലിപ്പമുണ്ടായിരുന്നു ആലിപ്പഴങ്ങള്‍ക്ക്. ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴയും നഗരത്തിലുടനീളം വെള്ളപ്പൊക്കവുമുണ്ടായി. 300 ഓളം പേര്‍ക്ക് പരുക്കേറ്റതായും 300 ഓളം വീടുകള്‍ പൂര്‍ണമായി നശിച്ചതായും എഡ്മന്റണ്‍ ടൊര്‍ണാഡോ അറ്റ്‌ലസ് കണക്കാക്കി. എഡ്മന്റണില്‍ ബ്ലാക്ക് ഫ്രൈഡേ എന്നറിയപ്പെടുന്ന ചുഴലിക്കാറ്റ് കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും മാരകവും അപകടകരവുമായ രണ്ടാമത്തെ ചുഴലിക്കാറ്റായിരുന്നു.
ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായ ആളുകളുടെ സ്മരണയ്ക്കായി നഗരത്തില്‍ ഹെര്‍മിറ്റേജ് പാര്‍ക്കില്‍ ഒരു സ്മാരകം നിലകൊള്ളുന്നുണ്ട്.