കാലിഫോര്‍ണിയയില്‍ സംഗീതപരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് 'വാലി ഫീവര്‍' : മുന്നറിയിപ്പ് നല്‍കി പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് 

By: 600002 On: Aug 1, 2024, 12:28 PM

 


കാലിഫോര്‍ണിയയില്‍ ജനപ്രിയ ഔട്ട്‌ഡോര്‍ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകള്‍ക്ക് അപകടകരമായ ഫംഗസ് ബാധയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലിഫോര്‍ണിയയിലെ ആരോഗ്യ വിദഗ്ധര്‍. മെയ് 21 മുതല്‍ 25 വരെ കാലിഫോര്‍ണിയയിലെ ബ്യൂണ വിസ്റ്റ ലേക്കില്‍ നടന്ന 'ലൈറ്റ്‌നിംഗ് ഇന്‍ എ ബോട്ടില്‍ ഫെസ്റ്റിവല്‍' എന്ന പരിപാടിയില്‍ പങ്കെടുത്തവരില്‍ വാലി ഫീവര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കാലിഫോര്‍ണിയ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്(സിഡിപിഎച്ച്) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ച് വാലി ഫീവര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് സിഡിപിഎച്ച് പറയുന്നത്. ഇതില്‍ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസുകള്‍ ഇനിയും വര്‍ധിക്കാനിടയുണ്ടെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ രോഗ ലക്ഷണങ്ങള്‍ നിരീക്ഷിക്കണമെന്നും പബ്ലിക് ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കി. 

കലാകാരന്മാരായ ഫാറ്റ്‌ബോയ് സ്ലിം, സ്‌ക്രില്ലെക്‌സ്, എംഐഎ, ജെയിംസ് ബ്ലേക്ക് തുടങ്ങിയവര്‍ പങ്കെടുത്ത ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവലില്‍ കാലിഫോര്‍ണിയ കൗണ്ടികളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും 20,000 ത്തിലധികം ആളുകളാണ് പങ്കെടുത്തതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. അതിനാല്‍ രോഗം വ്യാപിക്കാനുള്ള സാധ്യതയും അവര്‍ എടുത്തുകാട്ടി. 

മണ്ണിലും അഴുക്കിലും വളരുന്ന കോക്‌സിഡോയിഡ്‌സ് ഫംഗസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് വാലി ഫീവര്‍. ഫംഗസുമായി സമ്പര്‍ക്കമുണ്ടാകുന്ന എല്ലാവരിലും രോഗം ഗുരുതരമായി ബാധിക്കില്ലെങ്കിലും ഫംഗസ് ശ്വാസകോശത്തെ ബാധിക്കുകയും ചുമ, ശ്വാസ തടസ്സം, പനി, ക്ഷീണം തുടങ്ങിയവ ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന് പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ വാലി ഫീവര്‍ ഫംഗസ് മറ്റ് ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ഗുരുതരമായ രോഗത്തിന് കാരണമാവുകയും ചെയ്യും. അരിസോണയിലും കാലിഫോര്‍ണിയയിലുമാണ് ഫംഗസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരില്ലെന്നത് രോഗത്തിന്റെ വ്യാപ്തി കുറയ്ക്കും.