ജലജീവികളിൽ ഏറ്റവും അപകടകാരികളായ വേട്ടക്കാരാണ് ചീങ്കണ്ണികളും മുതലകളും. കരയിലൂടെ വളരെ വേഗം സഞ്ചരിക്കാന്‍ കഴിയുന്ന ഇവ ഞൊടിയിടയിൽ മനുഷ്യനെ ആക്രമിച്ചു കീഴ്പ്പെടുത്താൻ കഴിവുള്ളവയാണ്. ഇത്തരം വേട്ടയാടലിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ അപകടങ്ങളെ കുറിച്ച് ഒന്നും തെല്ലും ബോധവതിയാകാതെ ഒരു സ്ത്രീ കൂറ്റന്‍ മുതലയെ തലോടുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ രൂക്ഷവിമര്‍ശനം നേരിടുകയാണ്.
ഒരു വന്യജീവി സങ്കേതം എന്ന് തോന്നിക്കുന്ന സ്ഥലത്ത് ഒരു വലിയ കുളത്തിൽ കഴിയുന്ന കൂറ്റന്‍ മുതലയെയാണ് ഈ യുവതി ലാളിക്കുന്നത്. മുതലയെ പേര് ചൊല്ലുവിളിക്കുകയും അതിന്‍റെ തലയിൽ തലോടുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇടയ്ക്ക് മുതല വാ പൊളിച്ച് യുവതിക്ക് അരികിലേക്ക് അടുക്കുമ്പോൾ അവൾ അതിന്‍റെ വായിലേക്ക് ഭക്ഷണം ഇടുന്നതും കാണാം. മുതലയുമായുള്ള ഇടപെടലിൽ യുവതി അല്പം പോലും ഭയപ്പെടുന്നില്ലെന്നത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത് ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യങ്ങൾ എന്തിന് സ്വയം സൃഷ്ടിക്കുന്നു എന്നായിരുന്നു.