ടെഹ്റാൻ: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ വധത്തിന് ഇറാൻ പ്രതികാരം ചെയ്യും. ഇസ്രയേലിനെ നേരിട്ട് അക്രമിക്കാനാണ് നീക്കം. ഹനിയയെ വധിച്ചതായി ഇറാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബുധനാഴ്ച രാവിലെ ഇറാൻ്റെ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗത്തിലാണ് ഖമേനി ഉത്തരവിട്ടത്.
‘‘ഇറാൻ എത്ര ശക്തമായി തിരിച്ചടിക്കും എന്ന് വ്യക്തമല്ല. ടെൽ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോൺ–മിസൈൽ സംയോജിത ആക്രമണമാണ് ഇറാൻ സൈനിക കമാൻഡർമാരുടെ പരിഗണനയിലുള്ളത്.’’ ഇറാൻ കമാൻഡർമാർ പറഞ്ഞു. ഹനിയയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു. ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇറാനിയൻ ആണവ ശാസ്ത്രജ്ഞരും സൈനിക കമാൻഡർമാരും ഉൾപ്പെടെ നിരവധി ശത്രുക്കളെ ഇസ്രയേൽ നേരത്തേ വധിച്ചിട്ടുണ്ട്.