കാല്‍ഗറിയില്‍ ഇലക്ട്രിക്, നാച്വറല്‍ ഗ്യാസ് ബില്ലുകള്‍ക്ക് പുതിയ 'ക്വാന്റിറ്റി ഒണ്‍ലി' മോഡല്‍ അവതരിപ്പിക്കുന്നു. 2025 ജനുവരി 1 ന് ഇത് പ്രാബല്യത്തില്‍ വരുമെന്ന് സിറ്റി അറിയിച്ചു. പുതിയ മോഡലില്‍ ലോക്കല്‍ ആക്‌സസ് ഫീസിന് കൗണ്‍സിലിന് വാര്‍ഷിക നിരക്ക് നിശ്ചയിക്കാനാകും. നിലവില്‍, ഊര്‍ജത്തിന്റെയും ഗ്യാസിന്റെയും ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിലാണ് ഫീസ് മാറുന്നത്. ഫ്രാഞ്ചൈസി ഫീസ് എന്നും അറിയപ്പെടുന്ന ലോക്കല്‍ ആക്‌സസ് ഫീസ്, ഒരു ബില്ലിലെ മൊത്തം വിതരണ നിരക്കിന്റെ ശതമാനമായി കണക്കാക്കുന്നു.
വൈദ്യുതിക്ക് 20 ശതമാനവും പ്രകൃതിവാതകത്തിന് 35 ശതമാനവുമാണ് നിരക്ക്. ഈ ഫീസ് യൂട്ടിലിറ്റി ബില്ലുകളില്‍ അടയ്ക്കുകയും പണം സിറ്റിക്ക് കൈമാറുകയും ചെയ്യുന്നു. മുനിസിപ്പല്‍ ഭൂമിയില്‍ യൂട്ടിലിറ്റികള്‍ നിര്‍മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മുനിസിപ്പാലിറ്റികള്‍ ലോക്കല്‍ ആക്‌സസ് ഫീസ് ഉപയോഗിക്കുന്നു. കൂടാതെ ഒരു പ്രദേശത്ത് സേവനങ്ങളുടെ പ്രത്യേക വിതരണത്തിനുള്ള അവകാശവും നല്‍കുന്നു.
എഡ്മന്റണില്‍ നേരത്തെ ഉപയോഗിച്ച് വരുന്ന സമാനമായ മോഡല്‍ വര്‍ധിച്ചു വരുന്ന യൂട്ടിലിറ്റി ചെലവുകള്‍ക്കുള്ള പരിഹാരമാണ്. കൂടാതെ കാല്‍ഗറിയിലെ നിവാസികളുടെ അഫോര്‍ഡബിളിറ്റി ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനമാണിതെന്നും സിറ്റി പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ മോഡല്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണെന്ന് സിറ്റി വ്യക്തമാക്കി. പുതിയ മോഡല്‍ ഉള്‍പ്പെടുന്ന കരാറുകള്‍ ചര്‍ച്ച ചെയ്യാന്‍ ENMAX, ATCO എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് കാല്‍ഗറി പറയുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം അവലോകനത്തിനും അംഗീകാരത്തിനുമായി ആല്‍ബെര്‍ട്ട യൂട്ടിലിറ്റീസ് കമ്മീഷനില്‍(AUC) റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സിറ്റി അറിയിച്ചു.