തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന ടൊറന്റോ സ്വദേശികളായ അച്ഛനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദം, ഭീകരാക്രമണ ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയതായി ആര്‍സിഎംപി അറിയിച്ചു. ടൊറന്റോയില്‍ ഭീകരാക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ഗ്രേറ്റര്‍ ടൊറന്റോ സ്വദേശികളായ അഹമ്മദ് ഫൗദ് മൊസ്തഫ എല്‍ദിദി(62), മകന്‍ മൊസ്തഫ എല്‍ദിദി(26) എന്നിവരാണ് അറസ്റ്റിലായത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കല്‍, കൊലപാതക ഗൂഢാലോചന, മാരകായുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇരുവരും നേരിടുന്നത്.
ടൊറന്റോയിലും യോര്‍ക്ക് റീജിയനിലും ജിടിഎയയിലും ഉള്‍പ്പെടെ പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിലും ഭീകരാക്രമണം നടത്താന്‍ ഇരുവരും ഗൂഢാലോചന നടത്തിയിരുന്നതായും ആര്‍സിഎംപി ആരോപിക്കുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ വാരാന്ത്യത്തില്‍ റിച്ച്മണ്ട് ഹില്ലിലെ ഒരു ഹോട്ടലില്‍ വെച്ചാണ് അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തത്.
2015 ജൂണില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനായി വിദേശ രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് അഹമ്മദ് ഫൗദ് ആരോപണം നേരിടുന്നുണ്ട്. രണ്ട് പ്രതികളും വ്യാഴാഴ്ച വെര്‍ച്വല്‍ കോടതിയില്‍ ഹാജരാകും.