വിമാന ടിക്കറ്റ് നിരക്ക് വര്‍ധന: കനേഡിയന്‍ എയര്‍ലൈനുകളെക്കുറിച്ച് കോംപറ്റീഷന്‍ ബ്യൂറോയുടെ പഠനം 

By: 600002 On: Aug 1, 2024, 9:26 AM

 

 

കാനഡയുടെ ഡൊമെസ്റ്റിക് എയര്‍ പാസഞ്ചര്‍ സര്‍വീസിനെക്കുറിച്ച് മാര്‍ക്കറ്റ് സ്റ്റഡി ആരംഭിച്ച് കോംപറ്റീഷന്‍ ബ്യൂറോ. യാത്രാ നിരക്കുകള്‍ സംബന്ധിച്ചാണ് പഠനത്തില്‍ പ്രധാനമായും പരിശോധിക്കുന്നത്. കോവിഡ് പാന്‍ഡെമിക്കിന് മുമ്പുള്ളതിനേക്കാള്‍ വിമാനയാത്രാ നിരക്കുകള്‍ ഈ വര്‍ഷം വര്‍ധിച്ചതായി പഠനത്തില്‍ കണ്ടെത്തി. കാനഡയിലെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് താരതമ്യേന ഉയര്‍ന്നതായിരിക്കാമെന്നും ശരാശരി നിരക്ക് പാന്‍ഡെമിക്കിന് മുമ്പുള്ള നിലവാരത്തിന് മുകളിലാണെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. 

എയര്‍കാനഡ, വെസ്റ്റ്‌ജെറ്റ് എന്നീ എയര്‍ലൈനുകളുടെ ആധിപത്യമാണ് കനേഡിയന്‍ വ്യോമയാന മേഖലയില്‍ നിലവിലുള്ളത്. ലിങ്ക്‌സ് എയറിന്റെ പാപ്പരത്തം പോലെയുള്ള സമീപകാല സംഭവങ്ങള്‍ കനേഡിയന്‍ മാര്‍ക്കറ്റില്‍ ചെറിയ എയര്‍ലൈനുകള്‍ക്ക് പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. കാനഡയുടെ ഡൊമെസ്റ്റിക് എയര്‍ കപ്പാസിറ്റിയുടെ 80 ശതമാനവും എയര്‍കാനഡയും വെസ്റ്റ്‌ജെറ്റുമാണ് പങ്കിടുന്നത്. അതേസമയം, വിപണിയില്‍ പ്രവേശിക്കുന്ന പുതിയ എയര്‍ലൈനുകളെ കാനഡയിലെ വലുതും സ്ഥാപിതവുമായ കമ്പനികളില്‍ നിന്നും സംരക്ഷിക്കാന്‍ പുതിയ നയം ആവശ്യമാണെന്ന് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ പറയുന്നു. അതില്‍ 'ഫ്‌ളോര്‍ പ്രൈസിംഗ്' പോലുള്ളവ ഉള്‍പ്പെടുന്നുവെന്ന് മക്ഗില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജോണ്‍ ഗ്രേഡക്ക് പറയുന്നു. 

പഠനത്തിനെതിരെ വെസ്റ്റ്‌ജെറ്റ് രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തിന് മാത്രമുള്ള നിരവധി പ്രധാന തടസ്സങ്ങളെ അടിസ്ഥാനപരമായി അവഗണിക്കുകയും കാനഡയിലെ വിമാനയാത്രക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ ചെലവ് വര്‍ധിപ്പിക്കുകയും കാനഡയുടെ വിമാനയാത്രാ വിപണിയിലെ മത്സരം കുറയ്ക്കുകയും ചെയ്യുകയാണ് ബ്യൂറോയുടെ പുതിയ പഠനമെന്ന് വെസ്റ്റ്‌ജെറ്റ് വൈസ്പ്രസിഡന്റ് ആന്‍ഡ്രൂ ഗിബ്‌സണ്‍ പറഞ്ഞു.