ബെയ്റൂത്ത്: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് ബെയ്റൂത്തിലെ ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. ലെബനാനിലുള്ളവർ ജാഗ്രത പാലിക്കുകയും യാത്രകൾ പരിമിതപ്പെടുത്തുകയും വേണം. ഇന്ത്യൻ എംബസിയുമായി സമ്പർക്കത്തിലായിരിക്കണമെന്നും എംബസി അറിയിച്ചു.അടുത്തിടെ രാജ്യത്തുണ്ടായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് എംബസി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
ഗോലാൻ കുന്നുകളിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തിന് 12 കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് തുടക്കമായത്. ഹിസ്ബുല്ലയാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഇതിന് തിരിച്ചടിയെന്നോണം ചൊവ്വാഴ്ച ഇസ്രയേൽ ദക്ഷിണ ലബനനിൽ വ്യോമാക്രമണം നടത്തുകയും ചെയ്തു. ഈ ആക്രമണത്തിൽ ഹിസ്ബുല്ല നേതാവ് ഫുആദ് ശുക്റിനെ കൊലപ്പെടുത്തിയതായാണ് ഇസ്രയേൽ സേനയുടെ അവകാശവാദം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴാം തീയ്യതി ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിന് ശേഷം ഫുആദിന്റെ നേതൃത്വത്തിൽ ഇസ്രയേലിനെതിരെ നിരന്തരം ആക്രമണങ്ങളുണ്ടായിരുന്നതായും ഇസ്രയേൽ പ്രതിരോധ സേന ആരോപിച്ചു.