469 വിഷാദ രോഗികളെ ആത്മഹത്യയില്‍ നിന്നും തിരികെ കൊണ്ട് വന്ന മനുഷ്യന്‍

By: 600007 On: Aug 1, 2024, 9:02 AM

കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാന നഗരമായ നാൻജിംഗില്‍ ഒരു മാലഖയുണ്ട്. നാന്‍ജിംഗിന്‍റെ സ്വന്തം മാലാഖ, അമ്പത്തിയാറുകാരനായ ചെൻ സി. അദ്ദേഹം ഇതുവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത് 469 പേരെ. ഇത്രയും പേരെ അദ്ദേഹം രക്ഷിച്ചതാകട്ടെ നാൻജിംഗിലെ യാങ്‌സി നദി പാലത്തിൽ നിന്നും. 'എല്ലാ ദിവസവും ജീവിതത്തെ പരിപാലിക്കുക' എന്ന് ചൈനീസ് ഭാഷയിലെഴുതിയ ചുവന്ന ടീ ഷര്‍ട്ടും ധരിച്ച് ചെന്‍, ഓരോ ദിവസവും കുറഞ്ഞത് 10 തവണയെങ്കിലും പാലത്തിൽ പട്രോളിംഗ് നടത്തുന്നു. പാലത്തില്‍ നിന്നും നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ തയ്യാറാകുന്നവരോട് സംസാരിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നു. 

ഇന്ന് 'നാൻജിംഗിന്‍റെ മാലാഖ' എന്ന് അറിയപ്പെടുന്ന അദ്ദേഹം കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഇത്തരത്തില്‍ 469 പേരെ ജീവിതത്തിലേക്ക് തിരികെ വിളിച്ചെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2000 -ല്‍ യാങ്‌സി നദിയുടെ പാലത്തിൽ ചെന്‍ സി നില്‍ക്കുമ്പോഴാണ് പാലത്തിലൂടെ ഒരു യുവതി തീര്‍ത്തും അലക്ഷ്യമായി നടക്കുന്നത് കണ്ടത്. സംശയം തോന്നിയ ചെന്‍ പെണ്‍കുട്ടിയോട് സംസാരിച്ചു. പണമായിരുന്നു ആ യുവതിയുടെ പ്രശ്നം. അവള്‍ ആത്മഹത്യയ്ക്കായി എത്തിയതായിരുന്നു. ചെന്നുമായുള്ള സംഭാഷണത്തിനൊടുവില്‍ വീട്ടിലേക്ക് തിരിച്ച് പോകുമ്പോള്‍ അവളുടെ കൈയില്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ബസ് ടിക്കറ്റും പിന്നെ അത്യാവശ്യം പണവും ഉണ്ടായിരുന്നെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.