കാനഡയുടെ ജീവിത നിലവാരം മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ പിന്നിലെന്ന് ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 

By: 600002 On: Jul 31, 2024, 6:21 PM

 

 

ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണ് കാനഡയെന്ന് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പ്രഖ്യാപിച്ചത് ഈ മാസം ആദ്യമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന പഠനങ്ങളും തെളിവുകളും സൂചിപ്പിക്കുന്നത് ഈ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്നാണ്. മറ്റ് പല രാജ്യങ്ങളിലെയും സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാനഡയിലെ ജനങ്ങള്‍ ദരിദ്രരാകുകയും ജീവിത നിലവാരം താഴുകയും ചെയ്യുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാനഡയിലെ നയരൂപകര്‍ത്താക്കള്‍ കാര്യമായ മാറ്റങ്ങള്‍ ഇതില്‍ വരുത്തിയില്ലെങ്കില്‍ ഈ ട്രെന്‍ഡ് തുടര്‍ന്നുകൊണ്ടുപോകും. 2002 മുതല്‍ 2014 വരെ കാനഡയുടെ ഓരോ വ്യക്തിയുടെയും ജിഡിപി വളര്‍ച്ച OECD ( Organisation for Economic Co-operation and Development)യുടെ ബാക്കിയുള്ള  രാജ്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ സൂചിപ്പിക്കുന്നു. 

എന്നാല്‍ 2014 മുതല്‍ 2022 വരെ കാനഡയുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു. ഈ കാലയളവില്‍ ഏറ്റവും താഴ്ന്ന 30 രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായി കാനഡ. ഈ കാലയളവില്‍ OECD രാജ്യങ്ങളിലെ ശരാശരി വര്‍ധനയായ 5,070 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ കാനഡയുടെ ജിഡിപി 1,325 ഡോളര്‍ മാത്രമാണ് വര്‍ധിച്ചത്. 

ജിഡിപി താഴാന്‍ നിരവധി ഘടകങ്ങളുണ്ട്. കഴിഞ്ഞ ദശകത്തില്‍ ദുര്‍ബലമായ ബിസിനസ് നിക്ഷേപം, വിദ്യാഭ്യാസ നിലവാരത്തിലെ തകര്‍ച്ച, കുറഞ്ഞ വിദ്യാഭ്യാസവും കുറഞ്ഞ വൈദഗ്ധ്യമുള്ളവരിലേക്ക് സ്ഥിരവും താല്‍ക്കാലികവുമായ കുടിയേറ്റക്കാരുടെ മാറ്റം, സാങ്കേതിക നവീകരണത്തിലെ ഇടിവ് തുടങ്ങിയ നിരവധി കാരണങ്ങളുണ്ട്. ഇവ വളരെ താഴ്ന്നതും പ്രതികൂലവുമായ തൊഴില്‍ ഉല്‍പ്പാദന വളര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

മിക്ക വികസിത രാജ്യങ്ങളിലും സമാനമായ പ്രവണതകള്‍ നേരിടുന്നുണ്ടെങ്കിലും കാനഡയിലെ സ്ഥിതി വളരെ മോശമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തല്‍ഫലമായി കാനഡയുടെ മോശം പ്രകടനം ജീവിതനിലവാരത്തില്‍ ഇടിവുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.