ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്ക കാരണങ്ങളൊന്നുമില്ലാതെ തിരിച്ചയക്കുന്നതായി ആരോപണം; മൂന്ന് വര്‍ഷത്തിനിടെ നാടുകടത്തിയത് 48 വിദ്യാര്‍ത്ഥികളെ 

By: 600002 On: Jul 31, 2024, 12:43 PM

 


അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒരു വിശദീകരണവുമില്ലാതെ രാജ്യത്തേക്ക് തിരിച്ചയയ്ക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. മൂന്ന് വര്‍ഷത്തിനിടെ 48 ഓളം വിദ്യാര്‍ത്ഥികളെയാണ് ഇത്തരത്തില്‍ ഒരു കാരണവും കൂടാതെ അമേരിക്ക നാടുകടത്തിയതെന്നാണ് കണക്ക്. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളെ നാടുകടത്താനുള്ള കാരണങ്ങള്‍ അമേരിക്ക ഔദ്യോഗികമായി ഇന്ത്യയുമായി പങ്കുവയ്ക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

അമേരിക്കയിലേക്ക് ഉന്നതപഠനത്തിനായി ഇന്ത്യയില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് കുടിയേറുന്നത്. എന്നാല്‍ നിലവിലെ ട്രെന്‍ഡ് അവരെ ഒരു കാരണവുമില്ലാതെ നാടുകടത്തുക എന്നതാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായി യുഎസ് സര്‍വകലാശാലകള്‍ പഠിക്കാനായി തെരഞ്ഞെടുക്കുന്നുണ്ട്. എന്നാല്‍ സമീപ വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളെ രാജ്യങ്ങളിലേക്ക് മടക്കിഅയക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. 

ആന്ധ്രപ്രദേശിലെ ഹിന്ദുപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള തെലുങ്കുദേശം പാര്‍ട്ടി എംപിയായ ബികെ പാര്‍ത്ഥസാരഥി നാടുകടത്തലിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യങ്ങളാണ് വിഷയം പ്രാധാന്യത്തോടെ എടുത്ത്കാണിച്ചത്.