നഗരത്തില്‍ ഹോട്ട് ടബ് അറ്റകുറ്റപ്പണികളും മറ്റ് സര്‍വീസുകളും വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി എഡ്മന്റണ്‍ പോലീസ് സര്‍വീസ്. ഇതുവരെ 17 ഓളം പരാതികള്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു. തട്ടിപ്പിന് പിന്നിലെന്ന് സംശയിക്കുന്ന 55 കാരനായ കെന്നത്ത് നിക്കോള്‍സിന്റെ ബിസിനസ് രീതികള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
ഹോട്ട് ടബ്ബ് അറ്റകുറ്റപ്പണികള്‍ക്കും സര്‍വീസിനും നിക്കോളിന് ഇരയായവര്‍ വലിയ രീതിയില്‍ പണം നല്‍കിയതായി പോലീസ് പറയുന്നു. പണം വാങ്ങിയ നിക്കോള്‍സ് ഉപഭോക്താക്കള്‍ക്ക് ഉപയോഗിച്ചതോ കേടായതോ ആയ ഹോട്ട് ടബുകള്‍ വിറ്റതായി പോലീസ് വ്യക്തമാക്കി. ഹോട്ട് ടബുകള്‍ കോടാകുമ്പോഴാണ് അവ ഏറെ കാലപ്പഴക്കം വന്നതാണെന്ന് തിരിച്ചറിയുന്നത്. കൂടാതെ അറ്റകുറ്റപ്പണി നടത്തിയ ഹോട്ട് ടബ്ബുകള്‍ പൂര്‍ണമായും തിരിച്ചുനല്‍കിയില്ലെന്നും പരാതിയുണ്ട്.
യെല്ലോഹെഡ് ട്രയലിലും 87 സ്ട്രീറ്റിലും നിക്കോള്‍സ് ഹോട്ട് ടബ്ബ് സ്‌റ്റോര്‍ നടത്തിയിരുന്നു. ഇത് നിലവില്‍ അടച്ചുപൂട്ടിയ നിലയിലാണെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 'ഹോട്ട് ടബ്ബ് സര്‍വീസ്' എന്ന പേരില്‍ കിജിജിയില്‍ തന്റെ സേവനങ്ങള്‍ പരസ്യപ്പെടുത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. നിക്കോളസിന് വേണ്ടിയുള്ള അന്വേഷണത്തിലാണെന്നും കൂടുതല്‍ തട്ടിപ്പിനിരയായവര്‍ ഉണ്ടാകാമെന്നാണ് കരുതുന്നതെന്നും പോലീസ് വ്യക്തമാക്കി. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 780-423-4567 എന്ന നമ്പറില്‍ ഇപിഎസിനെ വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.