ജാസ്പര്‍ കാട്ടുതീ: ഇന്‍ഷുറന്‍സ് ഇന്‍ഡസ്ട്രിക്ക് നഷ്ടം 700 മില്യണ്‍ ഡോളര്‍: ഡിബിആര്‍എസ് റിപ്പോര്‍ട്ട്  

By: 600002 On: Jul 31, 2024, 9:32 AM

 

ജാസ്പറിലുണ്ടായ കാട്ടുതീ ഇന്‍ഷുറന്‍സ് ഇന്‍ഡസ്ട്രിക്ക് 700 മില്യണ്‍ ഡോളര്‍ വരെ നഷ്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് കാനഡയിലെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കാട്ടുതീ ദുരന്തങ്ങളിലൊന്നായി മാറുമെന്ന് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഡിബിആര്‍എസ് മോണിംഗ്‌സ്റ്റാര്‍ പറഞ്ഞു. ഈയാഴ്ച ദുരന്തത്തില്‍ നിന്നും ഇന്‍ഷ്വര്‍ ചെയ്ത നഷ്ടം 2011 ലെ സ്ലേവ് ലേക്കില്‍ ഉണ്ടായ കാട്ടുതീയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്കടുത്തുവരാമെന്നും അല്ലെങ്കില്‍ ഉയരാമെന്നും ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ ജാസ്‌പെറില്‍ കണക്കാക്കിയ നഷ്ടം 700 മില്യണ്‍ ഡോളറിലെത്തി. 

ജാസ്‌പെറിലെ നാശനഷ്ടത്തിന്റെ വ്യാപ്തി ഇതുവരെ കൃത്യമായി കണക്കാക്കാന്‍ പറ്റിയിട്ടില്ലെങ്കിലും തീപിടുത്തത്തില്‍ ടൗണ്‍സൈറ്റിന്റെ മൂന്നിലൊന്ന് ഭാഗവും നശിച്ചിരിക്കാമെന്ന് കണക്കാക്കപ്പെടുന്നു. ടൗണില്‍ ആകെ 1,113 കെട്ടിടങ്ങളാണ് ഉള്ളത്. ഇതില്‍ 358 എണ്ണം കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, ആശുപത്രി, എമര്‍ജന്‍സി സര്‍വീസ് കെട്ടിടം, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയുള്‍പ്പെടെ പ്രധാന ഇന്‍ഫ്രാസ്ട്രക്ചറുകള്‍ കേടുപാടുകള്‍ സംഭവിക്കാതെ സംരക്ഷിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.  

കാനഡയില്‍ ഈ വര്‍ഷം ഇതുവരെ 24,000 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലമാണ് കത്തിനശിച്ചതെന്ന് ഡിബിആര്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചരിത്രപരമായി കാനഡയുടെ ഇന്‍ഷ്വര്‍ ചെയ്ത പ്രകൃതി ദുരന്ത നഷ്ടങ്ങള്‍ക്ക് പ്രധാനമായി കാട്ടുതീ ഉള്‍പ്പെടില്ലെങ്കിലും 2021 മുതല്‍ കാട്ടുതീയുടെ വ്യാപനം കൂടുതല്‍ ആശങ്കാജനകമാണെന്ന് ഡിബിആര്‍എസ് വ്യക്തമാക്കി.