ദേശീയ പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി ഓട്ടോമാറ്റിക് ടാക്‌സ് ഫയലിംഗ് സര്‍വീസുകള്‍ ആരംഭിച്ച് കാനഡ റെവന്യൂ ഏജന്‍സി. ഇതിന്റെ ഭാഗമായി 2023 ലെ നികുതി റിട്ടേണുകള്‍ ഫോണിലൂടെയോ ഓണ്‍ലൈനായോ ഇ-മെയില്‍ വഴിയോ ഏജന്‍സിയുടെ സിംപിള്‍ഫയല്‍ സര്‍വീസസ് ഉപയോഗിച്ച് സമര്‍പ്പിക്കാന്‍ അര്‍ഹരായ 500,000 ത്തോളം പേരെ ജൂലൈയില്‍ ഇന്‍വൈറ്റ് ചെയ്തതായി സിആര്‍എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2024 ഫെഡറല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പൈലറ്റ് പ്രോഗ്രാം. രാജ്യത്തെ ഒരിക്കലും നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത, ഫയലിംഗ് ഹിസ്റ്ററിയില്‍ താഴ്ന്ന വരുമാനക്കാരായ ആളുകളെ സഹായിക്കുക എന്നതാണ് പ്രോഗ്രാം വഴി ലക്ഷ്യമിടുന്നത്.
സിആര്‍എയുടെ പുതിയ സേവനം ഉപയോഗിച്ച് നികുതി റിട്ടേണുകള്‍ 10 മിനിറ്റിനുള്ളില്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുമെന്ന് സിആര്‍എ അവകാശപ്പെടുന്നു. മാര്‍ച്ച് മാസത്തില്‍ സിആര്‍എ തങ്ങളുടെ സിംപിള്‍ ഫയല്‍ ബൈ ഫോണ്‍ സിസ്റ്റം വിപുലീകരിച്ചിരുന്നു. റീഫണ്ട് എസ്റ്റിമേറ്റ് ലഭിക്കുന്നതിന് ഏജന്റുമാര്‍ ഫോണിലൂടെ ലളിതമായ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഉള്‍പ്പെടുന്ന പ്രോഗ്രാമാണിത്. ഡിജിറ്റല്‍, പേപ്പര്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ കുറഞ്ഞത് രണ്ട് മില്യണിലധികം കനേഡിയന്‍ പൗരന്മാര്‍ക്ക് ഓട്ടോമാറ്റിക് ടാക്‌സ് ഫയലിംഗ് സര്‍വീസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സിആര്‍എ വ്യക്തമാക്കി.