മകളെ വിവാഹത്തിന് നിർബന്ധിച്ചതിന്റെ പേരിൽ ഓസ്ട്രേലിയയിൽ ആദ്യമായി തടവിന് വിധിക്കപ്പെടുന്ന അമ്മയായി 48 കാരിയായ സക്കീന മുഹമ്മദ് ജാൻ. 21 -കാരിയായ മകളെ ഇവർ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. ആദ്യ ദിനം മുതൽ തന്നെ ആ ബന്ധം വഷളാവുകയും ചെയ്തു. പിന്നാലെ ഭർത്താവ് അവളെ കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ കൊലക്കുറ്റത്തിന് ശിക്ഷിച്ചു. പിന്നാലെ, മകളെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചതിന് അമ്മയേയും വിചാരണ ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം, 2019 -ലാണ് മുഹമ്മദ് അലി ഹലീമി എന്ന 26 -കാരനെ വിവാഹം കഴിക്കാൻ സക്കീനയുടെ മകൾ റുഖിയ ഹൈദരി നിർബന്ധിതയാവുന്നത്. കല്യാണം കഴിഞ്ഞ് ആറാഴ്ച കഴിഞ്ഞപ്പോൾ തന്നെ റുഖിയയെ ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പിന്നീട് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2020 ജനുവരിയിലാണ് കുറ്റകൃത്യം നടന്നത്.
വിചാരണയ്ക്കിടെ ആദ്യമൊന്നും ജാൻ കുറ്റം സമ്മതിച്ചില്ല. ഹലീമിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മകൾ പറഞ്ഞിട്ടില്ലെന്നാണ് അവർ പറഞ്ഞിരുന്നത്. മകളുടെ മരണത്തിൽ ദുഃഖിതയായിരുന്നെങ്കിലും അവർ താൻ നിരപരാധിയാണ് എന്ന് കാണിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ, സക്കീന സാമൂഹിക സമ്മർദ്ദത്തിന് പിന്നാലെ മകളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു എന്ന് പ്രൊസിക്യൂഷൻ വാദിച്ചു.
തിങ്കളാഴ്ചയാണ് സക്കീനയ്ക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. 2013 -ലാണ് നിർബന്ധിതമായി വിവാഹം കഴിപ്പിക്കുന്നതിനെതിരെയുള്ള നിയമം ഇവിടെ കൊണ്ടുവന്നത്. അതനുസരിച്ച് കുറ്റവാളിക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. സക്കീനയുടെ വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ്, അവൾ തന്റെ മകളുടെ മേൽ സഹിക്കാനാവാത്ത തരം സമ്മർദ്ദം ചെലുത്തിയിരുന്നു എന്ന് ജഡ്ജി പറഞ്ഞിരുന്നു.