വെജിറ്റേറിയനായ ഞാൻ ചിക്കൻ കഴിച്ചു'; ഇന്ത്യൻ മിഠായി വാങ്ങിക്കഴിച്ച റഷ്യൻ ഇൻഫ്ലുവൻസറുടെ വീഡിയോ

By: 600007 On: Jul 30, 2024, 5:32 PM

വിദേശത്തു നിന്നുള്ള അനേകം ഇൻഫ്ലുവൻസർമാർ വന്ന് ഇന്ത്യയിലെ ഭക്ഷണവും വിനോദസഞ്ചാരകേന്ദ്രങ്ങളുമെല്ലാം ആസ്വദിക്കാറുണ്ട്. മിക്കവാറും പേർ അത് തങ്ങളുടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും അത് വൈറലായി മാറുകയും ചെയ്യാറുണ്ട്. അതുപോലെ ഒന്നാണ് ഈ വീഡിയോയും. ഇതിലുള്ളത് ഒരു റഷ്യൻ ഇൻഫ്ലുവൻസർ ഇന്ത്യൻ തെരുവുകളിലെ കാൻഡി ആസ്വദിക്കുന്ന കാഴ്ചയാണ്. 

mariechug എന്ന ഇൻഫ്ലുവൻസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 'നമസ്തേ ദോസ്തോ, ഇന്ന്, പ്രശസ്തമായ ഇന്ത്യൻ സ്ട്രീറ്റ് മിഠായിയായ ലാച്ചിയുടെ രുചി ആദ്യമായി ഞാൻ അനുഭവിച്ചു. അഭിമാനിയായ ഒരു വെജിറ്റേറിയൻ എന്ന നിലയിൽ, ഇത് ഞാൻ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നതല്ല, പക്ഷേ ഞാനിന്ന് ഒരു ചിക്കൻ കഴിച്ചു - അത് രുചികരമായിരുന്നു' എന്നും അവൾ കുറിച്ചിട്ടുണ്ട്. 

ഈ ഇന്ത്യൻ മിഠായി ഒരു കോഴിയുടെ രൂപത്തിലാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാലാണ് താൻ ചിക്കൻ കഴിച്ചു എന്ന് അവൾ കുറിച്ചിരിക്കുന്നത്. വീഡിയോയിൽ അവൾ മിഠായി വില്പനക്കാരന്റെ അടുത്ത് ചെല്ലുന്നതും മിഠായി ചോദിച്ച് വാങ്ങുന്നതും കാണാം. കോഴിയുടെ ആകൃതി അവളെ അമ്പരപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് വാങ്ങിയ ശേഷം അവൾ ആ മിഠായി തിന്നുനോക്കുന്നതും കാണാം. അവൾക്കത് ഇഷ്ടപ്പെട്ടു എന്നാണ് അവളുടെ പെരുമാറ്റത്തിൽ നിന്നും മനസിലാവുന്നത്. ഒപ്പം കാപ്ഷനിലും ആ മിഠായി വളരെ നല്ലതായിരുന്നു എന്ന് അവൾ കുറിച്ചിട്ടുണ്ട്.