ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാമിന്റെ സമഗ്രതയ്ക്കായി ബീസി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പോസ്റ്റ്-സെക്കന്‍ഡറി എജ്യുക്കേഷന്‍ ആന്‍ഡ് ഫ്യൂച്ചര്‍ സ്‌കില്‍സ് മിനിസ്ട്രിയാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രവിശ്യയിലെ ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കുകയും ഉയര്‍ന്ന നിലവാരം സ്ഥാപിക്കുകയും ചെയ്യുകയാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.
ഇതില്‍ ഒന്നാണ് എജ്യുക്കേഷന്‍ ക്വാളിറ്റി അഷ്വറന്‍സ്(EQA) കോഡ് ഓഫ് പ്രാക്ടീസ്. പ്രവിശ്യയിലെ ഡിഎല്‍ഐകള്‍ ഒരു സ്ഥാപനത്തിന്റെ മൊത്തം എന്റോള്‍മെന്റിന്റെ 30 ശതമാനമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനം പരിമിതപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കും. പ്രവിശ്യയിലെ പബ്ലിക് ഡിഎല്‍ഐകള്‍ക്ക് മാത്രമേ ഈ പരിധി ബാധകമാകൂ. സ്വകാര്യ ഡിഎല്‍ഐകളെ ഇത് ബാധിക്കില്ല. പ്രവിശ്യകളിലെ 25 ഓളം പബ്ലിക് പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പലതും അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശന പരിധിക്ക് കീഴിലാണെന്ന് മന്ത്രാലയ പ്രതിനിധി പറഞ്ഞു.
സ്റ്റുഡന്റ് റിക്രൂട്ട്‌മെന്റ് ലക്ഷ്യം കൈവരിക്കുന്നതിനും ഏതെങ്കിലും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സമയം നല്‍കുന്നതിന് മിനിസ്ട്രി സ്റ്റാഫ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വക്താവ് അറിയിച്ചു.