പാരീസ് ഒളിമ്പിക്‌സ്: ആദ്യ സ്വര്‍ണം നേടി കാനഡ; ജൂഡോയില്‍ ക്രിസ്റ്റ ഡെഗുച്ചി സുവര്‍ണതാരം; രണ്ടാം സ്വര്‍ണം നീന്തലില്‍  

By: 600002 On: Jul 30, 2024, 9:50 AM

 

പാരീസ് ഒളിമ്പിക്‌സില്‍ കാനഡ ആദ്യ സ്വര്‍ണം നേടി. പാരീസിലെ ചാംപ്-ഡി-മാര്‍സ് അരീനയില്‍ 57 കിലോഗ്രാമില്‍ താഴെയുള്ള വനിതകള്‍ക്കുള്ള ജൂഡോ മത്സരത്തില്‍ ക്രിസ്റ്റ ഡെഗുച്ചിയാണ് കാനഡയ്ക്ക് സ്വര്‍ണം നേടിക്കൊടുത്തത്. ഫെനലില്‍ ദക്ഷിണ കൊറിയന്‍ താരം മിമി ഹുവിനെ പരാജയപ്പെടുത്തിയാണ് ക്രിസ്റ്റ ഡെഗുച്ചി വിജയകിരീടം അണിഞ്ഞത്.

നീന്തല്‍ക്കുളത്തില്‍ നിന്നും കാനഡ മെഡലുകള്‍ വാരി. വനിതകളുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ കാനഡയുടെ കൗമാരതാരം സമ്മര്‍ മക്കിന്റോഷ് സ്വര്‍ണം കരസ്ഥമാക്കി. നാല് മിനിറ്റ് 27.71 സെക്കന്‍ഡില്‍ നീന്തിയെത്തിയാണ് ടൊറന്റോ സ്വദേശിനിയായ മക്കിന്റോ് പാരീസ് ഒളിമ്പിക്‌സിലെ രണ്ടാം മെഡല്‍ സ്വന്തമാക്കിയത്. ഈ ആഴ്ച അവസാനം നടക്കുന്ന 200 മീറ്റര്‍ മെഡ്‌ലെയിലും ബട്ടര്‍ഫ്‌ളൈയിലും മത്സരത്തിന് ഇറങ്ങുന്ന സമ്മര്‍ മക്കിന്റോഷ് 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. പുരുഷന്മാരുടെ സിന്‍ക്രണൈസ്ഡ് 10 മീറ്റര്‍ പ്ലാറ്റ്‌ഫോം ഇനത്തില്‍ വെങ്കലം നേടി. നഥാന്‍ സോംബര്‍ മുറെ-റൈലാന്‍ വീന്‍സ് എന്നിവരാണ് 422.13 പോയിന്റുമായി രാജ്യത്തിനായി വെങ്കലം നേടിയത്.