സുഡാനില്‍ ലൈംഗികാതിക്രമം വ്യാപകമെന്ന് റിപ്പോര്‍ട്ട്

By: 600007 On: Jul 30, 2024, 5:39 AM

കൈറോ: സുഡാനിലെ ആഭ്യന്തര കലാപത്തിനിടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സ്ത്രീകള്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായി റിപ്പോർട്ട്.

പീഡനത്തെതുടർന്ന് നിരവധി സ്ത്രീകള്‍ മരിച്ചതായും മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്‌ തയാറാക്കിയ റിപ്പോർട്ട് പറയുന്നു.

രാജ്യത്തെ അർധ സൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർ.എസ്.എഫ്) തടവില്‍ കഴിയേണ്ടി വന്ന സ്ത്രീകളും പെണ്‍കുട്ടികളും നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. തലസ്ഥാനമായ ഖർത്തൂമിലും തൊട്ടടുത്ത ഓംദുർമൻ, ഉത്തര ഖാർത്തൂം തുടങ്ങിയ പട്ടണങ്ങളിലുമാണ് 15 മാസത്തോളം സുഡാൻ സൈന്യവും ആർ.എസ്.എഫും അഴിഞ്ഞാടിയത്. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ ഒമ്ബത് മുതല്‍ 60 വരെ വയസ്സുള്ള 262 സ്ത്രീകളുമായി സംസാരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. അടിയന്തര സഹായത്തിനെത്തിയ സന്നദ്ധസേവന പ്രവർത്തകരും ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു.