ഉക്രെയ്‌നില്‍ യുദ്ധത്തില്‍ നിന്ന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ കാനഡയിലെത്തിയ ഒക്‌സാന സ്‌റ്റെപാനെങ്കോ ഒരിക്കലും കരുതിയില്ല ഓട്ടവയില്‍ ബസില്‍ വെച്ച് തനിക്ക് വെടിയേല്‍ക്കുമെന്ന്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒസി ട്രാന്‍സ്‌പോ ബസില്‍ പെല്ലറ്റ് തോക്ക് ഉപയോഗിച്ച് അക്രമി വെടിവെച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലാണ് സ്റ്റെപാനെങ്കോ. വീട്ടില്‍ സുഖംപ്രാപിച്ച് വരികയാണ് അവര്‍.
താന്‍ യാത്ര ചെയ്തിരുന്ന ബസില്‍ മൂന്ന് യാത്രക്കാര്‍ കയറുകയും മറ്റ് യാത്രക്കാര്‍ക്ക് അലോസരമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെക്കുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി സ്റ്റെപാനെങ്കോ പറയുന്നു. ഇവരോട് പാട്ട് നിര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടു. ഉടന്‍ രണ്ട് പേര്‍ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങി. എന്നാല്‍ മൂന്നാമതൊരാള്‍ ബസില്‍ തന്നെ ഇരിക്കുകയും ബാക്ക്പാക്കില്‍ നിന്നും പെല്ലറ്റ് തോക്കെടുത്ത് കാലിന് വെടിവെക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഓട്ടവ സ്വദേശിയായ 20കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, തോക്ക് ഉപയോഗിക്കല്‍ തുടങ്ങി പത്തോളം കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയതായി പോലീസ് പറഞ്ഞു.
കാനഡയില്‍ വന്നിട്ട് തനിക്ക് മറക്കാന്‍ പറ്റാത്ത ഓര്‍മയായിരിക്കുമിതെന്ന് സ്‌റ്റെപാനാനെങ്കോ പറഞ്ഞു.