എയര്‍ കാനഡ വിമാനത്തില്‍ ക്രൂ അംഗവും യാത്രക്കാരിയും തമ്മില്‍ രൂക്ഷമായ തര്‍ക്കം. ജൂലൈ 26 ന് കാസബ്ലാങ്കയില്‍ നിന്ന് മോണ്‍ട്രിയലിലേക്കുള്ള എസി 73 വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം പുറപ്പടുന്നതിന് മുമ്പ് വിമാനത്തിനുള്ളിലെ അമിതമായ തണുപ്പ് കാരണം യാത്രക്കാരി പുതപ്പ് ആവശ്യപ്പെട്ടതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം.
എന്നാല്‍ ജീവനക്കാരി യാത്രക്കാരിയോട് ദേഷ്യപ്പെട്ട് സംസാരിച്ചു. അപമര്യാദയായി പെരുമാറിയ ജീവനക്കാരി യാത്രക്കാരിയോട് സീറ്റ് ബെല്‍റ്റ് ഉറപ്പിക്കാനും ഇല്ലെങ്കില്‍ വിമാനത്തില്‍ നിന്നും ഇറങ്ങിപ്പോകാനും ആവശ്യപ്പെടുകയായിരുന്നു. ജോലിക്കാര്‍ക്കെതിരെ ഭീഷണിപ്പെടുത്തരുതെന്നും ജീവനക്കാരി വിളിച്ചുപറയുന്നുണ്ടായിരുന്നു. ഏവിയേഷന്‍ ന്യൂസ് സൈറ്റായ FL360aero സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ജീവനക്കാരി യാത്രക്കാരിയോട് ആക്രോശിക്കുന്നതായി കാണാം. യാത്രക്കാരിയെ വിമാനത്തിലിറക്കാന്‍ ജീവനക്കാരി പോലീസിനെ വിളിച്ചു. എന്നാല്‍ മറ്റുള്ള യാത്രക്കാര്‍ യാത്രക്കാരിയെ പിന്തുണച്ചുകൊണ്ട് സംസാരിച്ചു. തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ നിന്നും ഇറങ്ങി.
സംഭവത്തെക്കുറിച്ച് എയര്‍ കാനഡ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും അതേ വിമാനത്തില്‍ തന്നെ യാത്രക്കാര്‍ മാറ്റിയ ക്രൂ അംഗങ്ങളുമായി അടുത്ത ദിവസം യാത്രതിരിച്ചതായി അറിയിച്ചു. സംഭവത്തില്‍ എയര്‍ കാനഡ അന്വേഷണം പ്രഖ്യാപിച്ചു.