കാനഡ ഭവന നിര്‍മാണ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സമീപകാലം വരെ, വൈദഗ്ധ്യമുള്ള ട്രേഡുകളുടെ കുറവായിരുന്നു ഭവന നിര്‍മാണ വളര്‍ച്ചയ്ക്ക് പ്രധാന തടസ്സമായി കണ്ടിരുന്നത്. ഇന്ന് ട്രേഡുകള്‍ വര്‍ധിച്ചു. കൂടാതെ നിര്‍മാണ തൊഴിലാളികളുടെ എണ്ണവും ഉയര്‍ന്ന നിലയിലെത്തി. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത കൈവരിക്കാത്തത് ഉല്‍പ്പാദന ക്ഷമതയില്‍ ഗണ്യമായ കുറവുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തൊഴിലാളികളുടെ വര്‍ധനയും നിര്‍മാണ ഉല്‍പ്പാദനവും തമ്മിലുള്ള പൊരുത്തക്കേട് ഭവന ലക്ഷ്യത്തിലെത്താന്‍ പാടുപെടുന്ന രാജ്യത്തിന് മറ്റൊരു വെല്ലുവിളിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സമ്മര്‍സീസണില്‍ കാനഡ മോര്‍ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍ 2023 ല്‍ രജിസ്റ്റര്‍ ചെയ്തത് 650,000 റെക്കോര്‍ഡ് നിര്‍മാണ തൊഴിലാളികളാണ്. എങ്കിലും കാനഡയില്‍ വെറും 240,267 വീടുകള്‍ മാത്രമാണ് നിര്‍മിക്കാനായത്. നിര്‍മാണ തൊഴിലാളികളുടെ പെരുപ്പം കണക്കാക്കിയാല്‍ കാനഡയ്ക്ക് ഓരോ വര്‍ഷവും 400,000 ത്തിലധികം വീടുകള്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.