കിംഗ്‌സ്റ്റണിനടുത്തുള്ള ലോയലിസ്റ്റ് ടൗണ്‍ഷിപ്പില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ബാറ്ററി കംപോണന്റുകള്‍ നിര്‍മിക്കുന്ന പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതായി യുമികോര്‍ റീചാര്‍ജബിള്‍ ബാറ്ററി മെറ്റീരിയല്‍സ് ഇന്‍ക് അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയിലെ മാന്ദ്യം ചൂണ്ടിക്കാട്ടി പ്ലാന്റിന്റെ നിര്‍മാണം വൈകിപ്പിക്കുകയാണെന്ന് കമ്പനി പറയുന്നു. ഇലക്ട്രിക് വാഹന വിപണിയിലെ മോശം അവസ്ഥയും ഇത് മുഴുവന്‍ വിതരണ ശൃംഖലയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും തങ്ങളുടെ കമ്പനിയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രോജക്ടിന് മൊത്തം 2.76 ബില്യണ്‍ ഡോളര്‍ വരെയാണ് നിര്‍മാണ ചെലവ്. 2023 ല്‍ 600 ഓളം തൊഴിലസരങ്ങള്‍ സൃഷ്ടിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ഇക്കണോമിക്ക് ഡെവലപ്‌മെന്റ് കാനഡയുടെ വാര്‍ത്താക്കുറിപ്പ് അനുസരിച്ച് ഫെഡറല്‍ സര്‍ക്കാര്‍ 551.3 മില്യണ്‍ ഡോളര്‍ വരെ പദ്ധതിക്കായി നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രവിശ്യാ സര്‍ക്കാര്‍ 424.6 മില്യണ്‍ ഡോളര്‍ വരെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.