കഴിഞ്ഞ കുറേ മാസങ്ങളായി സെല്‍ഫോണ്‍ സേവനങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ കനേഡിയന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി ബെല്‍ കാനഡയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി യുക്കോണ്‍ പ്രീമിയര്‍ രഞ്ജ് പിള്ള രംഗത്ത്. സംഭവം നാണക്കേടുണ്ടാക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ബെല്‍ കാനഡ സിഇഒ മിര്‍ക്കോ ബിബിക്കിന് രഞ്ജ് പിള്ള കത്ത് അയച്ചു. യൂക്കോണിന്റെ തലസ്ഥാന നഗരമായ വൈറ്റ്‌ഹോഴ്‌സില്‍ പോലും കോളുകള്‍ക്ക് തടസ്സമാകുന്നു. ഇവിടങ്ങളിലെ ആളുകള്‍ക്ക് കോളുകള്‍ ഇടയ്ക്കിടെ കട്ടായിപ്പോവുകയും മോശം കവറേജ് അനുഭവിക്കുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രദേശത്തെ മിക്കവാറും എല്ലാ സെല്‍ഫോണ്‍ ടവറുകളുടെയും ഉടമയായ ബെല്‍ നല്‍കുന്ന നിലവിലെ സേവനത്തിന്റെ നിലവാരം താഴ്ന്നുവെന്നും താമസക്കാരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നില്ലെന്നും അടിയന്തര സാഹചര്യങ്ങളില്‍ സേവനം ലഭിക്കാതെ വരുന്നത് അപകടങ്ങളും മറ്റ് ദോഷഫലങ്ങളും ഉണ്ടാക്കുമെന്നും പിള്ള കത്തില്‍ ചൂണ്ടിക്കാട്ടി. സേവനത്തില്‍ നേരിടുന്ന തടസ്സം ചൂണ്ടിക്കാട്ടിയിട്ടും ബെല്‍ കാനഡയ്ക്ക് എന്തുകൊണ്ട് ജനങ്ങളോട് മറുപടി പറയാന്‍ കഴിയുന്നില്ലെന്നും പിള്ള ചോദിക്കുന്നു. യുകോണിലുള്ളവര്‍ക്ക് വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും അതൃപ്തി അറിയിക്കാനും അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബെല്‍ കാനഡ ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല.