ന്യൂഡല്‍ഹി: ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ആസൂത്രിത വംശഹത്യയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗസ്സയിലെ ആക്രമണം അംഗീകരിക്കാനാകില്ലെന്നും വംശഹത്യയാണ് അവിടെ നടക്കുന്നതെന്നും പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക ആക്രമണത്തെ അപലപിക്കാന്‍ ലോകത്തിലെ എല്ലാ സര്‍ക്കാറുകളോടും അവര്‍ ആഹ്വാനം ചെയ്തു
“ ഇസ്രായേൽ സർക്കാറിന്റെ പ്രവൃത്തിയെ അപലപിക്കുക എന്നത്, വെറുപ്പിലും ഹിംസയിലും വിശ്വസിക്കാത്ത ഇസ്രായേലി പൗരന്മാർ ഉൾപ്പെടെ, ശരിയായി ചിന്തിക്കുന്ന ഓരോ വ്യക്തിയുടെയും ധാർമിക ഉത്തരവാദിത്തമാണ്. ലോകത്തെ എല്ലാ സർക്കാറുകളും അതിന് തയാറാകണം. ഗസ്സയിലെ വംശഹത്യയിൽ ദിനംപ്രതി ഇല്ലാതാവുന്നത് നിരവധിപ്പേരാണ്. അമ്മമാർ, അച്ഛന്മാർ, ഡോക്ടർമാർ, നഴ്സുമാർ, പത്രപ്രവർത്തകർ, എഴുത്തുകാർ, വൃദ്ധർ, നിരപരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ എന്നിങ്ങനെ എല്ലാവരെയും കൊന്നൊടുക്കുകയാണ്.