അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹാനന്തര ആഘോഷങ്ങൾ ലണ്ടനിൽ നടക്കുമെന്ന് റിപ്പോർട്ട്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടനിലെ സ്റ്റോക്ക് പാർക്ക് ക്ലബിൽ വെച്ചായിരിക്കും ആഘോഷമെന്നാണ് സൂചന. നാല് മാസം നീണ്ടുനിന്ന വിവാഹ ആഘോഷങ്ങൾ യുകെയിലേക്ക് നീങ്ങുമ്പോൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഹാരി രാജകുമാരൻ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്
ജൂലായ് 12-നായിരുന്നു അനന്ത് അംബാനി - രാധിക മർച്ചന്റ് വിവാഹം. വിവാഹത്തിന് മുമ്പുള്ള ആഘോഷവും വിവാഹവും ആഡംബരപൂർണമായിരുന്നു. മൂന്ന് ദിവസം നീണ്ട വിവാഹ ആഘോഷങ്ങൾക് ശേഷം വിവാഹാനന്തര ആഘോഷങ്ങൾ ഇപ്പോൾ യുകെയിൽ തുടരും എന്നാണ് സൂചന.
ലോകം കണ്ട ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായിരുന്നു അനന്ത് രാധിക വിവാഹം. റിഹാന, ജസ്റ്റിൻ ബീബർ തുടങ്ങി ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ താരങ്ങൾ അംബാനി വിവാഹത്തിന് എത്തിയതോടെ, വിവാഹം ആഗോള ശ്രദ്ധ നേടി. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ ആഘോഷങ്ങൾ മാർച്ചിൽ ഗുജറാത്തിലെ ജാംനഗറിൽ ആരംഭിച്ചിരുന്നു. തുടർന്ന് ഇറ്റലിയിൽ നിന്നും ഫ്രാന്സിലേക്കുള്ള കപ്പൽ സവാരി. കൂടാതെ വിവാഹത്തിന്റെ ഒരാഴ്ച മുൻപ് തുടങ്ങിയ ഹൽദി, സംഗീത്, മെഹന്തി, ഗ്രഹ പൂജ തുടങ്ങിയ നിരവധി ചടങ്ങുകൾ.
ജസ്റ്റിൻ ബീബർ, റിഹാന, ബോളിവുഡ് സെലിബ്രിറ്റികളായ ദിൽജിത് ദോസഞ്ജ് എന്നിവരുടെ പ്രകടനങ്ങൾ ചടങ്ങിലെ മുഖ്യാകർഷണമായിരുന്നു. 50 മുതൽ 90 കോടി വരെയാണ് ഇവർ ഓരോരുത്തർക്കും അംബാനി നൽകിയത്. ഫോബ്സ് പറയുന്നതനുസരിച്ച്, മുഴുവൻ വിവാഹ ആഘോഷങ്ങളുടെയും ഏകദേശ ചെലവ് 4,000-5,000 കോടി രൂപ ആണ്. അതായത് 0.6 ബില്യൺ ഡോളർ. 123.2 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനിയുടെ ആസ്തിയുടെ 0.5 ശതമാനം മാത്രമാണ് ഇത്. വിവാഹാനന്തര ചടങ്ങുകൾ നടക്കാനിരിക്കെ അനന്ത അംബാനി വിവാഹ മാമാങ്കത്തിന്റെ ചെലവുകൾ ഇനി കൂടുമെന്നർത്ഥം.