ബുധനാഴ്ച വീശിയടിച്ച മൂന്നോളം ചുഴലിക്കാറ്റുകള്‍ ക്യുബെക്കില്‍ കനത്ത നാശനഷ്ടം വിതച്ചു. മരങ്ങള്‍ പിഴുതെറിയുകയും ഇന്‍ഫ്രാസ്ട്രക്ചറുകള്‍ നശിപ്പിക്കുകയും ചെയ്തതായി എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. മോണ്‍ട്രിയലിന് സമീപമുള്ള ബ്രോസാര്‍ഡ്, ലോറഷ്യന്‍സ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ഹിപ്പോലൈറ്റ് തുടങ്ങിയ ഇടങ്ങളില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. ബ്രോസാര്‍ഡില്‍ ചുഴലിക്കാറ്റില്‍ സെമി ട്രെയിലര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് നിസാര പരുക്കുകളേറ്റതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. മറ്റ് അപകടങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സൗത്ത് ഷോറില്‍ 3,500 ല്‍ അധികം വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. എങ്കിലും പിറ്റേന്ന് രാവിലെയോടെ വൈദ്യുതി പുന:സ്ഥാപിച്ചു. ക്യുബെക്ക് സിറ്റിക്ക് പുറത്ത് ലോറന്‍ഷ്യന്‍സ് മേഖലയിലുള്ള പോര്‍ട്ട്‌ന്യൂഫിലുണ്ടായ ഇടിമിന്നലില്‍ മരങ്ങള്‍ പിഴുതെറിയുകയും മറ്റ് നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തതായി എണ്‍വയോണ്‍മെന്റ് കാനഡ പറഞ്ഞു. മോണ്‍ട്രിയല്‍, ലാനൗഡിയര്‍, മോണ്ടെറെജി എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ബുധനാഴ്ച കനത്ത മഴ പെയ്തു.