കാട്ടുതീ: ജാസ്‌പെര്‍ സിറ്റിയുടെ പകുതിയും നശിപ്പിച്ചെന്ന് ആല്‍ബെര്‍ട്ട പ്രീമിയര്‍ 

By: 600002 On: Jul 26, 2024, 2:02 PM

 


ജാസ്‌പെര്‍ നാഷണല്‍ പാര്‍ക്കിലും ആല്‍ബെര്‍ട്ടയുടെ മറ്റ് ഭാഗങ്ങളിലും അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന കാട്ടുതീ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. സാഹചര്യം ആശങ്കയുളവാക്കുന്നുവെന്ന് പറഞ്ഞ സ്മിത്ത് വികാരാധീനയായി. സിറ്റിയുടെ 50 ശതമാനത്തോളവും കാട്ടുതീയില്‍ നശിച്ചുവെന്ന് സ്മിത്ത് പറഞ്ഞു. എഡ്മന്റണില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്മിത്ത്. 

ടൗണ്‍സൈറ്റിലെ പകുതിയോളം ഏരിയകളും അഗ്നിക്കിരയായി. വീടുകളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടെ പകുതിയോളം കെട്ടിടങ്ങളും കാട്ടുതീയില്‍ നശിച്ചതായി സ്മിത്ത് പറഞ്ഞു. ബുധനാഴ്ച നഗരമധ്യത്തിലെത്തിയ കാട്ടുതീയില്‍ ജാസ്‌പെറിലെ 30 മുതല്‍ 50 ശതമാനം വരെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും കണക്കാക്കുന്നു. നിലവില്‍ കാട്ടുതീയുടെ വ്യാപനശക്തി എത്രത്തോളമാണെന്ന് പാര്‍ക്ക്‌സ് കാനഡയും വ്യക്തമാക്കിയിട്ടില്ല. ഏതൊക്കെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നോ ഏതൊക്കെയാണ് നശിച്ചതെന്നോ വ്യക്തമല്ലെന്നും ഡാനിയേല്‍ സ്മിത്ത് അറിയിച്ചു. ജാസ്‌പെര്‍ കാട്ടുതീയില്‍പ്പെട്ടവരെ സഹായിക്കാന്‍ പ്രവിശ്യ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.