സൗകര്യപ്രദവും പരിസ്ഥിതി സൗഹാര്‍ദവുമായ ഗതാഗത മാര്‍ഗമായി കാനഡയിലുടനീളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ പ്രവണതയില്‍ സുരക്ഷാ ആശങ്കകളും ഉയരുന്നു. ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് എമര്‍ജന്‍സി റൂം ഫിസിഷ്യന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗം വര്‍ധിക്കുന്നതിനൊപ്പം അപകടങ്ങളും വര്‍ധിക്കുകയാണ്. നിരവധി സംഭവങ്ങളാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ അപകടങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മാരകമായ പരുക്കുകള്‍ സംഭവിച്ച് ആശുപത്രിയിലെത്തുന്നവരെ ചികിത്സിക്കാനുള്ള സൗകര്യങ്ങളുടെ കുറവ് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
ഇത്തരം പരുക്കുകളുമായി എത്തുന്നവരെ ചികിത്സിയ്ക്കാന്‍ വ്യത്യസ്ത ശസ്ത്രക്രിയാ വിദഗ്ധരെ ആവശ്യമാണെന്ന് ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ. രഘു വേണുഗോപാല്‍ പറയുന്നു. ആന്തരിക രക്തസ്രാവം, എല്ലുകള്‍ക്കുണ്ടാകുന്ന ഗുരുതരമായ പൊട്ടല്‍, തലയ്‌ക്കേല്‍ക്കുന്ന പരുക്ക് തുടങ്ങിയവയ്ക്ക് സര്‍ജറികള്‍ ആവശ്യമായി വരുമെന്ന് അദ്ദേഹം പറയുന്നു.
ഹെല്‍മറ്റ്, റിസ്റ്റ് ഗാര്‍ഡ് എന്നിവ ധരിക്കുന്നതും അമിത വേഗത ഒഴിവാക്കി വാഹനമോടിക്കുന്നതും അപകടങ്ങളില്‍ നിന്നും സുരക്ഷിതരാക്കുമെന്ന് വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കുന്നു. നിര്‍ഭാഗ്യവശാല്‍ മിക്കവരും ഇ-സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാറില്ലെന്നും അമിതവേഗതയിലാണ് വാഹനമോടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് വലിയ അപകടമാണ് വിളിച്ചുവരുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.