അമേരിക്കയില്‍ പക്ഷിപ്പനി വ്യാപിക്കുന്നു; വൈറസ് മനുഷ്യരിലേക്കും; ആശങ്ക

By: 600002 On: Jul 26, 2024, 11:51 AM

 

 

അമേരിക്കയില്‍ സംസ്ഥാനങ്ങളിലുടനീളം പക്ഷിപ്പനി(H5N1) വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. 2022 മുതല്‍ കോഴികളുള്‍പ്പെടെ 100 മില്യണിലധികം പക്ഷികളില്‍ വൈറസ് ബാധിച്ചു. കൂടാതെ ഏകദേശം 170 ഓളം കറവപ്പശുകളിലും 200 ലധികം സസ്തനികളിലും വൈറസ് സ്ഥിരീകരിച്ചു. മനുഷ്യരിലും വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കൊളറാഡോയിലാണ് ആദ്യമായി മനുഷ്യനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷം ബുധനാഴ്ച വരെ രണ്ട് കോഴി ഫാമുകളില്‍ അടുത്തിടെ ഒമ്പത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഡയറി ഫാമിലും എച്ച്5എന്‍1 സ്ഥിരീകരിച്ചത്. അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിലെ ഫാമുകളിലും എച്ച്5എന്‍1 റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 

കോഴികളില്‍ നിന്നുമായിരിക്കാം വൈറസ് മനുഷ്യനിലേക്ക് പകര്‍ന്നതെന്നാണ് കരുതുന്നത്. എന്നാല്‍ അമേരിക്കയില്‍ മനുഷ്യരില്‍ പക്ഷിപ്പനി ബാധിച്ച് മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കാനഡയില്‍ ഡയറി ഫാമുകളുമായി ബന്ധപ്പെട്ട കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 

ജൂലൈ 14 ന് ഫാം ജീവനക്കാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതെല്ലാം കൊളറാഡോയിലെ എഗ് ഫാമില്‍ പക്ഷിപ്പനി ബാധിച്ച കോഴികളെ കൊന്നൊടുക്കലിനെ തുടര്‍ന്നാണ് പടര്‍ന്നതെന്നാണ് കരുതുന്നത്. അതേസമയം, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതിന്റെ സൂചനകളൊന്നുമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.