ഹൈറിച്ച് തട്ടിപ്പ് കേസ് ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സിബിഐ

By: 600007 On: Jul 26, 2024, 7:35 AM

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ജോലി ഭാരവും സൗകര്യങ്ങളുടെ അപര്യാപ്തതയുമുണ്ടെന്നാണ് കേന്ദ്ര ഏജൻസിയുടെ നിലപാട്. കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് സംസ്ഥാന സർക്കാ‍ർ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. സംസ്ഥാന സർക്കാരിന്‍റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ സിബിഐയോട് നിലപാട് തേടിയിരുന്നു.

ഹൈറിച്ചിന് സമാനമായ നിരവധി സാമ്പത്തിക തട്ടിപ്പുകൾ സിബിഐ അന്വേഷിക്കുന്നുണ്ടെന്നും ജോലി ഭാരം കൂടുതലായിതിനാൽ ഒഴിവാക്കണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം. കേന്ദ്ര ഏജൻസിക്ക്  കൈമാറിയ കേസിൽ സംസ്ഥാന പൊലീസ് കൂടുതൽ എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്യുന്നത് ചോദ്യം ചെയ്ത് ഹൈറിച്ച് കമ്പനി ഡയറക്ടർ നൽകിയ ഹർജിയിലാണ് സിബിഐ നിലപാട് അറിയിച്ചത് അടുത്തമാസം 16ന് ഹർജി വീണ്ടും  പരിഗണിക്കും.

ഹൈറിച്ചിന്‍റെ 245 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടുത്തിടെ മരവിപ്പിച്ചിരുന്നു. മള്‍ട്ടി ചെയിൻ മാര്‍ക്കറ്റിംഗ്, ഓണ്‍ലൈൻ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. ഹൈറിച്ച് മണി ചെയിൻ ഇടപാടിലൂടെ കൈവന്ന പണം കള്ളപ്പണ ഇടപാടുകൾക്ക് അടക്കം ഉപയോഗിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു.